ഇന്ത്യ രണ്ടക്ക ജിഡിപി വളർച്ച നേടുമെന്ന് അമിത് ഷാ

ന്യൂഡെൽഹി: ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ടക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന ഉറപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ – സെപ്തംബർ പാദവാർഷികത്തിൽ 8.4 ശതമാനം വളർച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വർധിപ്പിച്ചത്. ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം രണ്ടക്ക വളർച്ച നേടിയാലും താൻ അദ്ഭുതപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി കുറയ്ക്കാൻ രാജ്യത്ത് മാനുഫാക്ചറിങ് രംഗം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഫിക്കി ഭാരവാഹികളോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വലിയ ചുവടുവെപ്പുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 ന് ശേഷം കേന്ദ്രസർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയർന്നിട്ടില്ലെന്നത് തങ്ങളുടെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചില തെറ്റായ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുണ്ടായിട്ടുണ്ടാകാം. എന്നാൽ രാജ്യം വലിയ മാറ്റങ്ങൾക്ക് ഏഴ് വർഷത്തിനിടെ സാക്ഷ്യം വഹിച്ചുവെന്ന് വിമർശകർ പോലും ശരിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.