പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യൻഷിപ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ഒമ്പതാം സീഡ് ചോച്ചുവോങിനെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 24-14,21-18. നേരത്തെ, സിന്ധു തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിനോട് തോറ്റിരുന്നു. അതിന് ഇവിടെ പകരം വീട്ടാനും സിന്ധുവിനായി. ആറാം സീഡായ സിന്ധു 48 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി.

ഈ വര്‍ഷം ആദ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലും വേള്‍ഡ് ടൂര്‍ ഫൈനലിലുമാണ് സിന്ധു ചോച്ചുവോങ്ങിനോട് തോല്‍വി വഴങ്ങിയിരുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് സിന്ധുവിന്റെ എതിരാളി. 5-14 എന്ന മോശം റെക്കോര്‍ഡ് ആണ് തായ് സു യിങ്ങിനോട് സിന്ധുവിനുള്ളത്. 2019ലാണ് തായ് സു യിങ്ങിന് എതിരെ സിന്ധു അവസാനം ജയിച്ചത്.

കെ ശ്രീകാന്ത്, മലയാളി താരം എച്ച് എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ക്ക് ഇന്ന് മത്സരമുണ്ട്. ശ്രീകാന്തിന് ചൈനീസ് താരം ലു ഗ്വാങ്‌സു ആണ് എതിരാളി. അട്ടിമറികളിലൂടെ പ്രീക്വാര്‍ട്ടറിലെത്തിയ മലയാളി താരം പ്രണോയ് പതിനൊന്നാം സീഡായ ഡാനിഷ് താരം റാസ്മസ് ജെംകെയെ നേരിടും. ലക്ഷ്യസെന്നിന് ഗ്വാട്ടിമാല താരം കെവിന്‍ കോര്‍ഡോന്‍ ആണ് എതിരാളി. ഡബിള്‍സിലും ഇന്ത്യന്‍താരങ്ങള്‍ക്ക് മത്സരമുണ്ട്.