ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി

മഡ്‌ഗാവ്‌: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ എട്ടാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി. ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ 4-2 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. എ.ടി.കെ. മോഹന്‍ ബഗാനു വേണ്ടി ഹ്യൂഗോ ബൗമസ്‌ ഇരട്ട ഗോളുകളും റോയി കൃഷ്‌ണ, ലിസ്‌റ്റണ്‍ കൊളാകോ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.

ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി സഹല്‍ സമദും യോര്‍ഗെ പെരീരയും ഗോളടിച്ചു.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ എ.ടി.കെ. മുന്നിലെത്തി. മാര്‍കോ ലെസ്‌കോവിച്ച്‌ വഴങ്ങിയ കോര്‍ണറിനു പിന്നാലെയാണു ഗോള്‍ വീണത്‌. ലിസ്‌റ്റണ്‍ കൊളാകോ മറിച്ചു നല്‍കിയ പന്ത്‌ ഹ്യൂഗോ ബൗമസ്‌ ബ്ലാസ്‌റ്റേഴ്‌സ് വലയിലാക്കി. രണ്ടാം മിനുട്ടില്‍ തന്നെ കേരള ബ്ലാസേ്‌റ്റഴ്‌സ് ഒരു കോര്‍ണര്‍ വഴങ്ങി. കോര്‍ണറില്‍ നിന്നുള്ള കൗകോയുടെ ഷോട്ട്‌ ഡിഫന്‍സ്‌ ബ്ലോക്ക്‌ ചെയ്‌തു. അടുത്ത മിനിറ്റില്‍ വന്ന രണ്ടാം കോര്‍ണര്‍ വിനയായി.

ബൗമസിന്റെ ഒരു ബോക്‌സിലേക്കുള്ള ക്രോസ്‌ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിനെ മറികടന്ന്‌ വലയിലെത്തി. 24-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. കെ.പി. രാഹുലിന്റെ പെനാല്‍റ്റി ബോക്‌സില്‍നിന്നു നല്‍കിയ പാസ്‌ നെഞ്ചിലെടുത്ത്‌ വലയിലേക്കു മറിച്ചാണ്‌ സഹല്‍ സമനില നല്‍കിയത്‌. മൂന്ന്‌ മിനിറ്റ്‌ മാത്രമാണു സമനില നീണ്ടത്‌. 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബഗാന്‌ രണ്ടാം ഗോള്‍ നല്‍കി.

ആല്‍ബിനോയുടെ ഫൗളിന്‌ കിട്ടിയ പെനാല്‍റ്റി റോയ്‌ കൃഷ്‌ണ ലക്ഷ്യത്തിലെത്തിച്ചു. 39-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളുമടിച്ചു. അരങ്ങേറ്റക്കാരനായ ബിജോയിയെ മറികടന്ന്‌ ഹ്യൂഗോ ബൗമാ തൊടുത്ത ഷോട്ട്‌ ആല്‍ബിനോയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. മത്സരത്തിനിടെ രാഹുല്‍ പരുക്കേറ്റ്‌ പുറത്ത്‌ പോയതും ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. രണ്ടാം പകുതിയിലും എ.ടി.കെ. ആക്രമണം തുടര്‍ന്നു. 49-ാം മിനിറ്റില്‍ ലിസ്‌റ്റണ്‍ അവരുടെ നാലാം ഗോളടിച്ചു. ഡിഫന്‍സിനെ കാഴ്‌ചക്കാരാക്കിയായിരുന്നു ലിസ്‌റ്റന്റെ ഫിനിഷ്‌.

കളിയിലേക്കു തിരിച്ചു വന്ന ബ്ലാസ്‌റ്റേഴ്‌സ് 69-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. അഡ്രിയാന്‍ ലൂണയുടെ പാസില്‍നിന്നു യോര്‍ഗെയുടെ ഒരു ഡൈവിംഗ്‌ ഫിനിഷാണു പട്ടിക തികച്ചത്‌.