മക്കളെ കേസിൽ കുടുക്കാതിരിക്കാൻ അമ്മയോട് എഎസ് ഐ കൈക്കൂലി ആവശ്യപ്പെട്ട കേസ്; കൂടുതൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: മക്കളെ കേസിൽ കുടുക്കാതിരിക്കാൻ ഡെൽഹി സ്വദേശിനിയായ അമ്മയോട് എഎസ്ഐ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. രണ്ടു പെൺമക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തിയ അമ്മയോട് ആൺമക്കളെ പീഡനക്കേസിൽ കുടുക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ. വിനോദ് കൃഷ്ണ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. എന്നാൽ, ഇതിന് തെളിവില്ലെന്ന റിപ്പോർട്ടാണ് സർക്കാർ നൽകിയത്.

കൈക്കൂലി ആവശ്യപ്പെട്ടതിന് സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ വിശദ അന്വേഷണം നടത്താതെ എങ്ങനെ ഇത്തരമൊരു നിഗമനത്തിലെത്തുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വാർത്തകളെ ത്തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. പരാതിപ്പെട്ട ദമ്പതിമാരുടെ ചെലവിലായിരുന്നു എഎസ്ഐ അടക്കം അഞ്ചു പോലീസുകാർ കുട്ടികളെ കണ്ടെത്താൻ ഡെൽഹിയിലേക്ക് വിമാനത്തിൽ പോയത്.

കൺട്രോളിങ് ഓഫീസറുടെ അറിവോടെയാണോ യാത്രയെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അഞ്ച് ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. മറുപടിലഭിക്കുന്നമുറയ്ക്ക് നിയമപരമായ നടപടി സ്വീകരിക്കും. ഇതിൽ കോടതി തൃപ്തിരേഖപ്പെടുത്തി. വിഷയം ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.