ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു

ഷാർജ: വാനിന്ദു ഹസരങ്ക ഹാട്രിക്ക് വിക്കറ്റുകൾ നേടി മിന്നൽപ്പിണരായിട്ടും ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു. ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കേ നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കേ ലഹിരു കുമാരയെ രണ്ട് തവണ അതിർത്തി കടത്തിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 13 പന്തുകൾ നേരിട്ട മില്ലർ 23 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 46 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.

ഹാട്രിക്ക് നേടിയ വാനിന്ദു ഹസരംഗ ശ്രീലങ്കയ്ക്കായി തിളങ്ങി. ഏയ്ഡൻ മാർക്രം, ടെംബ ബവുമ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരെയാണ് ഹസരംഗ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്.

143 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ഓവറിൽ ഇരട്ട പ്രഹരമേറ്റു. ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ (11) മടക്കിയ ദുഷ്മന്ത ചമീര, നാലാം പന്തിൽ മറ്റൊരു ഓപ്പണറായ ക്വിന്റൺ ഡിക്കോക്കിനെയും (12) പവലിയനിലെത്തിച്ചു.

പിന്നാലെ ടെംബ ബവുമയും റസ്സി വാൻഡെർ ഡുസനും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടു നയിക്കവെ എട്ടാം ഓവറിൽ വാൻഡെർ ഡുസൻ (16) റണ്ണൗട്ടായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ബവുമ – ഏയ്ഡൻ മാർക്രം സഖ്യം 47 റൺസ്ഷാ കൂട്ടിച്ചേർത്ത് സ്‌കോർ 96ൽ എത്തിച്ചു. 20 പന്തിൽ നിന്ന് 19 റൺസെടുത്ത മാർക്രത്തെ ഹസരംഗ 15ാം ഓവറിൽ മടക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. നിലയുറപ്പിച്ച ബവുമയെ 18ാം ഓവറിൽ ഹസരംഗ മടക്കി. തൊട്ടടുത്ത പന്തിൽ ഡ്വെയ്ൻ പ്രിട്ടോറിയസിനെയും (0) മടക്കിയ ഹസരംഗ ഹാട്രിക്ക് തികച്ചു.

ഒടുവിൽ മില്ലറും കഗിസോ റബാഡയും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പിലെ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. റബാഡ ഏഴ് പന്തുകൾ നേരിട്ട് ഒരു സിക്സും ഫോറും സഹിതം 13 റൺസുമായി മില്ലർക്കൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ 142 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അർധ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതിയ പാതും നിസ്സങ്കയുടെ ഇന്നിങ്‌സ് കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്. 58 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറു ഫോറുമടക്കം 72 റൺസെടുത്ത നിസ്സങ്ക 19ാം ഓവറിലാണ് മടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. നാലാം ഓവറിൽ തന്നെ ആന്റിച്ച് നോർക്യ കുശാൽ പെരേരയെ (7) മടക്കി. ഒമ്പതാം ഓവറിൽ ഫോമിലുള്ള ചരിത് അസലങ്ക റണ്ണൗട്ടായതോടെ ലങ്ക ഞെട്ടി. കഴിഞ്ഞ മത്സരങ്ങളിൽ ലങ്കയുടെ സ്‌കോറിങ്ങിൽ നിർണായകമായത് അസലങ്കയായിരുന്നു. 14 പന്തിൽ നിന്ന് 21 റൺസുമായി മികച്ച സ്‌കോറിലേക്ക് കുതിക്കവെയാണ് അസലങ്ക ദൗർഭാഗ്യകരമായി റണ്ണൗട്ടാകുന്നത്.

പിന്നാലെയെത്തിയ ഭാനുക രജപക്‌സയെ (0) നിലയുറപ്പിക്കും മുമ്പേ തബ്‌രിസ് ഷംസി മടക്കി. പിന്നാലെ അവിഷ്‌ക ഫെർണാണ്ടോയും (3) ഷംസിക്ക് മുന്നിൽ വീണു. വാനിന്ദു ഹസരംഗ (4), ക്യാപ്റ്റൻ ദസുൻ ഷാനക (11) എന്നിവരും പരാജയമായി. ചാമിക കരുണരത്‌നെ (5), ദുഷ്മന്ത ചമീര (3), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. കുമാര ഇന്നിങ്‌സിന്റെ അവസാന പന്തിൽ റണ്ണൗട്ടായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്‌രിസ് ഷംസിയും ഡ്വെയ്ൻ പ്രിട്ടോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. ഷംസി നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തപ്പോൾ പ്രിട്ടോറിയസ് മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയാണ് മൂന്ന് പേരെ പുറത്താക്കിയത്. ആന്റിച്ച് നോർക്യ രണ്ട് വിക്കറ്റെടുത്തു.