പാകിസ്ഥാന് മുന്നില്‍ അടിതെറ്റി ഇന്ത്യ; പരാജയം ഏറ്റുവാങ്ങിയത് 10 വിക്കറ്റിന്

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരാജയം രുചിച്ച് ഇന്ത്യ. 10 വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. 152 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ 17.5 ഓവറില്‍ കളി തീര്‍ത്തു. മുഹമ്മദ് റിസ്വാന്‍ 79ഉം ക്യാപ്റ്റന്‍ ബാബര്‍ അസം 68ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക് വിജയത്തിന് അടിത്തറയിട്ട ഷഹീന്‍ അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് അടിച്ചത്. തുടക്കം മുതലേ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും റിഷഭ് പന്തിന്റെ 39 റണ്‍സുമാണ് മാന്യമായ സ്‌കോറില്‍ എത്തിച്ചത്. സൂപ്പര്‍താരം രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡക്കില്‍ പറഞ്ഞയച്ച് ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. തന്റെ രണ്ടാം ഓവറില്‍ അഫ്രീദി രാഹുലിനെയും മടക്കി.

മികച്ച ഷോട്ടുകളുമായി തുടങ്ങിയ സൂര്യകുമാര്‍ യാദവ് 11 റണ്‍സില്‍ പുറത്താതോടെ ഇന്ത്യ ശരിക്കും പതറി. അവിടെ നിന്നായിരുന്നു കോലിയും പന്തും ചേര്‍ന്നുള്ള കൂട്ടുകെട്ട് ആരംഭിച്ചത്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി പാകിസ്ഥാന്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ എത്തുന്നതില്‍ നിന്നും തടഞ്ഞു. പാകിസ്ഥാന് വേണ്ടി അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ലോകകപ്പ് മത്സരങ്ങളില്‍ ഇത് വരെ പാകിസ്താനോട് തോറ്റിട്ടില്ല എന്ന റെക്കോര്‍ഡുമായിട്ടാണ് വിരാട് കോലിയും കൂട്ടരും അയല്‍ക്കാര്‍ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യ പാകിസ്ഥാനോട് അടിയറവ് പറയുന്ന കാഴ്ചയ്ക്ക് ദുബായ് വേദിയായി. ഇതിന് മുന്‍പ് ഏകദിന ലോകകപ്പില്‍ 7 തവണയും ട്വന്റി 20 ലോകകപ്പില്‍ 5 തവണയുമാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുള്ളത്.