രാഷ്ട്രീയവും വെറുപ്പും മാറ്റിവെച്ച് കളിയായി കാണണം; ഇന്ത്യാ-പാക് മത്സരം യുദ്ധമല്ലെന്ന് കൈഫ്

മുംബൈ: ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ വിവിധകോണുകളില്‍ നിന്ന് ഉയരുന്ന വിദ്വേഷ പ്രസ്താവനകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെ യുദ്ധമായി കാണരുതെന്നാണ് കൈഫിന്റെ പ്രതികരണം. രാഷ്ട്രീയവും വെറുപ്പും മാറ്റിവെച്ച് കളിയെ കളിയായി തന്നെ കണ്ട് ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

”ഒരു ചെറിയ ഉപദേശം തരാം. വെറുപ്പും രാഷ്ട്രീയവും അരാജകത്വവും മാറ്റിവെച്ച് ക്രിക്കറ്റ് കാണുന്നത് ഒരു മഹത്തരമായ കാര്യമായിരിക്കും, സ്വന്തം വിജയമാണ് ആഘോഷിക്കേണ്ടത് എതിരാളികളുടെ പരാജയമല്ല”-കൈഫ് പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനെതിരെ യോഗ പരിശീലകന്‍ ബാബാ രാംദേവും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. ഇരുരാജ്യങ്ങളുടേയും ആരാധകര്‍ക്കിടയിലും മത്സരത്തിന്റെ വീറും വാശിക്കുമപ്പുറും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ ഗതിമാറിയതോടെയാണ് പ്രതികരണവുമായി കൈഫ് രംഗത്തെത്തിയത്.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ദേശീയ താല്‍പര്യത്തിന് എതിരാണെന്നാണ് രാംദേവ് പറഞ്ഞത്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധര്‍മത്തിന് എതിരാണെന്നാണ് രാംദേവ് പറയുന്നത്.

നേരത്തെ ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പറഞ്ഞിരുന്നു.’ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ബന്ധം അത്ര നല്ലതല്ല, അതുകൊണ്ട് തന്നെ മത്സരം നടത്തണമോ എന്ന് ഒന്നുകൂടി ആലോചിക്കണം,’ -മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരില്‍ ആളുകളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാകിസ്ഥാനെതിരെയാണ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.