ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്; നിലവിലെ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന്‌ തകര്‍പ്പന്‍ ജയം

ലവര്‍കൂസന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന്‌ തകര്‍പ്പന്‍ ജയം. ബയേണ്‍ ലവര്‍കൂസനെതിരേ നടന്ന എവേ മത്സരത്തില്‍ 5-1 നാണ്‌അവരുടെ ജയം.
ബായാ അരീനയില്‍ നടന്ന മത്സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയും സെര്‍ജി നാബ്‌റിയും ഇരട്ട ഗോളുകളും തോമസ്‌ മുള്ളര്‍ ഒരു ഗോളുകളടിച്ചു. പീറ്റര്‍ ഷിക്‌ ലവര്‍കൂസനു വേണ്ടി ഒരു ഗോളടിച്ചു. എട്ട്‌ കളികളില്‍നിന്നു 19 പോയിന്റ്‌ നേടിയ ബയേണ്‍ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. 18 പോയിന്റുള്ള ബോറുസിയ ഡോര്‍ട്ട്‌മുണ്ടാണു രണ്ടാമത്‌.

കളിയുടെ 58 ശതമാനം സമയത്തും പന്ത്‌ ബയേണ്‍ താരങ്ങളുടെ പക്കലായിരുന്നു. കഴിഞ്ഞയാഴ്‌ച ഐന്ത്രാച്‌ ഫ്രാങ്ക്‌ഫര്‍ട്ടിനോട്‌ ബയേണ്‍ തോല്‍വി വഴങ്ങിയിരുന്നു. അതോടെ ഡോര്‍ട്ട്‌മുണ്ട്‌ ഒന്നാം സ്‌ഥാനത്തെത്തി. ഇന്നലെ ഒന്നാം പകുതിയില്‍ ബയേണ്‍ ഏഴ്‌ മിനിറ്റിനിടെയാണ്‌ നാലു ഗോളുകളടിച്ചത്‌.

കളിയുടെ മൂന്നാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ഗോളടി തുടങ്ങി. 30-ാം മിനിറ്റില്‍ പോളണ്ട്‌ താരം തന്നെ ലീഡ്‌ ഇരട്ടിയാക്കി. 34-ാം മിനിറ്റില്‍ മുള്ളറും ഒരു മിനിറ്റിനു ശേഷം നാബ്‌റിയും ഗോളടിച്ചു. 37-ാം മിനിറ്റില്‍ നാബ്‌റി പട്ടിക പൂര്‍ത്തിയാക്കി. 55-ാം മിനിറ്റിലാണു ഷിക്‌ ഒരു ഗോള്‍ മടക്കിയത്‌.