കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിൽ മാറ്റം; ഗാന്ധിയൻ, ഇസ്ലാമിക, ആശയങ്ങള്‍ ഉള്‍പ്പെടുത്തും

കണ്ണൂര്‍: കാവിവൽക്കരണ ആരോപണം ഉയർന്ന വിവാദമായ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസ് സമഗ്രമല്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ സർവകലാശാല പൊളിച്ചെഴുതി. മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് മാറ്റം വരുത്തിയത്. ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കി.

ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ വിമര്‍ശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയന്‍, ഇസ്ലാമിക്, സോഷ്യലിസ്റ്റ്ധാരകളും ഉള്‍പ്പെടുത്തും. പുതുക്കിയ സിലബസിന് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി. വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്.

എംഎസ് ഗോള്‍വാള്‍ക്കര്‍ എഴുതിയ ബഞ്ച് ഓഫ് തോട്ട്‌സ് ഉള്‍പെടെയുള്ള തീവ്ര ഹിന്ദുത്വ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.വിഡി സവര്‍ക്കര്‍, ബല്‍രാജ് മധോക്ക്, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസില്‍ ഉണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സിലബസില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സിലബസില്‍ മാറ്റം വരുത്തിയെങ്കിലും ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല.

കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാനി യു പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. പ്രതിഷേധക്കാരുടെ നിലപാടിനെ ശരിവച്ച സമിതി സിലബസില്‍ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി വ്യക്തമാക്കി.