ഇന്ത്യയിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

ന്യൂഡെൽഹി: രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ നിർദ്ദേശിക്കുന്നത്. രാജ്യത്തെ പ്രതിവാര കൊറോണ കേസുകൾ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നിൽക്കുമ്പോഴാണ് നിർദ്ദേശം വരുന്നത്.

ഡെൽഹിയിൽ ഒമ്പതു മുതൽ പന്ത്രണ്ട് വരെ സ്കൂളുകൾ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. പല സംസ്ഥാനങ്ങളിലും മുതിർന്നവരെ പോലെ കുട്ടികളിലും കൊറോണ വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഐസിഎംആർ നടത്തിയ സിറോ സർവ്വെയിൽ ആറു മുതൽ 9 വയസ്സുവരെയുള്ള കുട്ടികളിൽ 57.2 ശതമാനം പേരിൽ ആന്റി ബോഡി കണ്ടെത്തി. പതിനൊന്നിനും പതിനേഴിനും ഇടയ്ക്കുള്ളവരിൽ ഇത് 61.6 ശതമാനാണ്. ഈ സാഹചര്യത്തിൽ കുട്ടികളിൽ ഇത് വൻതോതിൽ പടരും എന്ന വാദത്തിൽ അർത്ഥമില്ല.

മൂന്നാം തരംഗം കുട്ടികളെ ബാധിക്കും എന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ലോകാരോഗ്യ സംഘടന ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. നിലവിൽ ഒരു ശതമാനം കുട്ടികൾക്ക് മാത്രമേ ആശുപത്രിയിലെ ചികിത്സ ആവശ്യമാകുന്നുള്ളു. അതിനാൽ ഇനിയും അടച്ചിടാതെ സ്കൂളുകൾ തുറക്കണം എന്ന നിർദ്ദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്നത്.

പ്രതിവാര കൊറോണ കേസുകളുടെ കാര്യത്തിലും ആശ്വാസകരമായ കണക്കാണ് പുറത്തു വരുന്നത്. ഒരാഴ്ചത്തെ കേസുകൾ രണ്ടു ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെക്കാൾ 6.2 ശതമാനം കുറവ്. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഈ സംഖ്യ രണ്ടാം തരംഗം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയായി കേന്ദ്രം കാണുന്നു.