ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ തേടി ബിസിസിഐ; ലക്ഷമണും കുംബ്ലേയും പരിഗണനയില്‍

ന്യൂഡെല്‍ഹി: ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി മുഖ്യ പരിശീലക കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ആസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന തിരക്കിട്ട ചര്‍ച്ചകളിലാണ് ബിസിസിഐ. വിവിഎസ് ലക്ഷ്മണിനൊപ്പം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ അനില്‍ കുംബ്ലെയോട് ആവശ്യപ്പെട്ടേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവരുടെ നേതൃത്വത്തില്‍ 2016-17-ല്‍ ഒരു വര്‍ഷത്തേക്ക് കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിന് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കുംബ്ലേ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഏതാനും വര്‍ഷങ്ങളായി ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായ ലക്ഷ്മണനെയും ബോര്‍ഡ് ്‌സമീപിച്ചിട്ടുണ്ടെങ്കിലും ലക്ഷമണിന്റെ ഇതിനോടുള്ള പ്രതികരണവും അറിവായിട്ടില്ല. നൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലക്ഷമണും കുംബ്ലേയ്ക്കും പരിശീലക സ്ഥാനത്തുള്ള അനുഭവസമ്പത്തും ബിസിസിഐ പരിഗണിക്കുന്നുണ്ട്.

ശ്രീലങ്കന്‍ മുന്‍ നായകനും അവരുടെ എക്കാലത്തെയും മികച്ച കളികാരിലൊരാളുമായ മഹേല ജയവര്‍ധനയേയും പരിശീലക ഓഫറുമായി ബിസിസിഐ ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിസിസിഐയുടെ ഓഫര്‍ ജയവര്‍ധനെ തള്ളിക്കളഞ്ഞെന്നാണ് വിവരം.

ശ്രീലങ്കന്‍ ടീമിനെയും ഐപിഎല്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനേയും പരിശീലിപ്പിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയവര്‍ധനെ അറിയിച്ചെതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോകകപ്പിന് ശേഷം ടി 20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് വിരാട് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.