ഓവല്‍: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് പരിശീലകന് ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന് ആര് ശ്രീധര്‍ എന്നിവര്‍ക്കാണ് ഇന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലും കൊറോണ സ്ഥിരീകരിച്ചത്.
ഞായറാഴ്ചത്തെ പതിവ് ആന്റിജൻ പരിശോധന പോസിറ്റീവായതോടെ ശാസ്ത്രിയെയും മറ്റ് രണ്ടുപേരെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ആർ ടി പി സി ആർ പരിശോധനാ ഫലവും പോസ്റ്റീവായതോടെ രവി ശാസ്ത്രിക്കും സംഘത്തിനും ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യന്‍ ടീമിനൊപ്പം തുടരാനാവില്ല. ഇവര്‍ ഓവലില്‍ ക്വാറന്റീനില്‍ തുടരും.
ഈമാസം പത്തിനാണ് മാഞ്ചസ്റ്ററില്‍ അഞ്ചാം ടെസ്റ്റ് തുടങ്ങുക. ശാസ്ത്രിയും ശ്രീധരും ഭരത് അരുണും പത്തുദിവസം ക്വാറന്റീനിൽ കഴിയണം. ഇവര്‍ക്ക് പുറമെ ടീം ഫിസിയോ തെറാപിസ്റ്റ് നിതിൻ പട്ടേലിനെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനായിരിക്കും ഈ ദിവസങ്ങളിൽ ടീമിന്റെ ചുമതല.
രവി ശാസ്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ടീം അംഗങ്ങളെ ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇന്ത്യന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും കൊറോണ വാക്സിനെടുത്തവരാണ്.
ടീം ഹോട്ടലില്‍ തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ ശാസ്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. പുറമെ നിന്നുള്ളവരും ഇതില്‍ പങ്കെടുത്തു. ഇവിടെവെച്ചാവാം ശാസ്ത്രി കൊറോണ ബാധിതനായാതെന്നാണ് സൂചന.