പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം;ഇന്ന് നേടിയത് സ്വര്‍ണ്ണവും വെള്ളിയും

ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാളും സിങ് രാജ് അദാനയുമാണ് മെഡലുകള്‍ കരസ്ഥമാക്കിയത്. പുരുഷന്മാരുടെ മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച് വണ്ണില്‍ മനീഷ് നര്‍വാള്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ സിങ് രാജ് അദാന വെള്ളിയും കരസ്ഥമാക്കി.

218.2 പോയിന്റ് നേടിയ മനീഷ് നര്‍വാള്‍ പാരാലിംപിക്‌സില്‍ ലോകറെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. യോഗ്യത മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന നര്‍വാളാണ് ഫൈനല്‍ റൗണ്ടില്‍ മികച്ച പ്രകടനത്തോടെ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.

216.7 പോയിന്റോടെയാണ് ഇതേ ഇനത്തില്‍ സിംഗ് രാജ് സിങ് വെള്ളി നേടിയത്. സിംഗ് രാജിന്റെ ടോക്യോയിലെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ് എച്ച് 1 വണ്‍ വിഭാഗത്തില്‍ സിങ് രാജ് വെങ്കല മെഡല്‍ നേടിയിരുന്നു. ഇന്നത്തെ നേട്ടത്തോടെ അവനിക്ക് ശേഷം ടോക്യോയില്‍ രണ്ട് മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി സിംഗ് രാജ്.

ടോക്യോയില്‍ ഇന്ന് ഇന്ത്യ ഷൂട്ടിങ്ങിന് പുറമെ ബാഡ്മിന്റണിലും രണ്ട് മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് ഫൈനലില്‍ കടന്നു. എസ് എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത്തും ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചിരുന്നു