ടോക്യോ: ഇന്ത്യയുടെ വനിതാ ടേബിൾ ടെന്നീസ് താരം ഭവിന പട്ടേൽ പാരാലിമ്പിക്സിന്റെ ഫൈനലിൽ പ്രവേശിച്ചു. ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.
അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. സ്കോർ: 7-11, 11-7, 11-4, 9-11, 11-8. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരാലിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് മിയാവോ.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഈ നേട്ടത്തോടെ ഭവിന ഇന്ത്യയ്ക്ക് വേണ്ടി മെഡലുറപ്പിച്ചു.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ഭവിന രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ ചൈനീസ് താരം തിരിച്ചടിച്ചതോടെ മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിൽ മിയാവോയെ അവിശ്വസനീയമായി കീഴടക്കി ഭവിന ഇന്ത്യയുടെ അഭിമാനമായി മാറി.
ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനെയാണ് താരം നേരിടുക. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു.
34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഫൈനലിൽ വിജയം നേടിയാൽ ഭവിനയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്ര നേട്ടമാണ്. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം താരത്തിന് സ്വന്തമാക്കാം.