പാരിസ്: ബാഴ്സലോണ വിട്ട ലയണല്‍ മെസ്സി ഇനി നെയ്മറിനും എംബാപ്പെയ്ക്കുമൊപ്പം പിഎസ്ജിയില്‍. 300 കോടി (35 ദശലക്ഷം യൂറോ) രൂപയാണ് വാര്‍ഷിക പ്രതിഫലം. ക്ലബുമായി രണ്ട് വർഷത്തേക്കാണ് കരാര്‍. മെസ്സിയും കുടുംബവും ബാഴ്സലോണയിലെ എല്‍ പ്രാത് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലേക്ക് പുറപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2024 വരെ കരാര്‍ നീട്ടാനുള്ള സന്നദ്ധതയും പിഎസ്ജി അറിയിച്ചിട്ടുണ്ട്. ഈ ജൂണില്‍ ബാഴ്സയുമായുള്ള കരാർ അവസാനിച്ചതോടെ മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്.
ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണം മൂലം കരാറിലെത്താന്‍ സാധിച്ചില്ല. ബാഴ്സയുടെ മോശം സാമ്പത്തിക സ്ഥിതിയും ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് 21 വര്‍ഷം നീണ്ട മെസ്സി – ബാഴ്സ വൈകാരിക ബന്ധത്തിന് അവസാനമിട്ടത്. മെസ്സി ബാഴ്സയില്‍ തന്നെ തുടരുമെന്നും അതിനായി പ്രതിഫലം പകുതിയോളം കുറച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ലാ മാസിയയിലൂടെ വളര്‍ന്ന മെസ്സിയ്ക്ക് ബാഴ്സയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും അതിനായി ക്ലബ് ശ്രമിക്കുമെന്നും ക്ലബ് പ്രസിഡന്റ് യുവാന് ലാപ്പോർട്ട പറഞ്ഞിരുന്നു.
ഇതിനെല്ലാം പിന്നാലെ അപ്രതീക്ഷിതമായാണ് താരത്തെ നിലനിര്‍ത്തില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാഴ്സലോണയ്ക്കായി 778 കളികളില്‍ നിന്നായി 672 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. 268 അസിസ്റ്റുകളും നടത്തി. 35 കിരീടനേട്ടങ്ങളില്‍ ബാഴ്സയ്ക്കൊപ്പമുണ്ടായിരുന്ന മെസ്സി 6 തവണ ബലോന്‍ ദി ഓര്‍ പുരസ്കാരവും 6 തവണ ഗോള്‍ഡന്‍ ബൂട്ടും 8 തവണ ലാലിഗയിലെ ടോപ് സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്.