പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് പ്രകടനവുമായി ഇന്ത്യൻ ടീം ; ഫൈനൽ യോഗ്യത നേടാനായില്ല

ടോക്യോ: ഒളിമ്പിക്സിൽ പുരുഷൻമാരുടെ 4×400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് പ്രകടനവുമായി ഇന്ത്യൻ ടീം. പക്ഷേ ഫൈനൽ ഫൈനൽ യോഗ്യത നേടാനായില്ല. ഹീറ്റ്സ് രണ്ടിൽ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റിൽ ഫിനിഷിങ് ലൈൻ തൊട്ടു. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവർ ഇന്ത്യക്കായി ട്രാക്കിലിറങ്ങി.

ടീമിലെ മൂന്നു താരങ്ങളും മലയാളികളാണെന്നത് കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ചു. മുഹമ്മദ് അനസും നോഹ നിർമൽ ടോമും അമോജ് ജേക്കബുമാണ് മലയാളി താരങ്ങൾ.

ഖത്തറിന്റേ പേരിലുള്ള ഏഷ്യൻ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 3:00.56 സെക്കന്റിലാണ് ഖത്തർ ടീം റെക്കോഡ് സൃഷ്ടിച്ചിരുന്നത്.

ഹീറ്റ്സ് രണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ഇന്ത്യക്ക് ഫൈനൽ യോഗ്യത നേടാനായില്ല. എന്നാൽ കരുത്തരായ ജപ്പാനും ഫ്രാൻസിനും ദക്ഷിണാഫ്രിക്കയ്ക്കും കൊളംബിയക്കും മുന്നിലെത്താനായി. ഈ ഹീറ്റ്സിൽ നിന്ന് പോളണ്ടും ജമൈക്കയും ബെൽജിയവുമാണ് ഫൈനലിലെത്തിയത്.

നേരത്തെ ആദ്യ ഹീറ്റ്സിൽ നിന്ന് അമേരിക്കയും ബോസ്വാനയും ട്രിനഡാഡ് ആന്റ് ടൊബാഗോയും നേരിട്ട് ഫൈനൽ യോഗ്യത നേടിയിരുന്നു. ഇറ്റലിയും നെതർലന്റ്സും ശേഷിക്കുന്ന മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലും ഫൈനലിലെത്തി. ഈ ഹീറ്റ്സിൽ ഓടിയ ബ്രിട്ടനും ചെക് റിപ്പബ്ലിക്കും ജർമനിയും ഇന്ത്യയേക്കാൾ മോശം പ്രകടനമാണ് പുറത്തെടുത്തത്.

പട്യാലയിൽ നടന്ന ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ 03.01.89 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഈ പ്രകടനത്തോടെ ലോകറാങ്കിങ്ങിൽ 13-ാം സ്ഥാനത്ത് എത്തുകയും റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒളിമ്പിക്സ് ടിക്കറ്റെടുക്കുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയായിരുന്നു.

എന്നാൽ ടോക്യോയിൽ ഈ പ്രകടനം തിരുത്തിയെഴുതി. ഒമ്പതാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയേക്കേൾ മികച്ച സമയം കുറിച്ച എട്ടു ടീമുകളും ഫൈനലിലെത്തുകയും ചെയ്തു.