ഇടിക്കൂട്ടില്‍ ഇന്ത്യന്‍ താരം ലവ്‌ലിന ബോര്‍ഗൊഹെയ്‌നിന് വെങ്കലം

ടോക്യോ: ഇടിക്കൂട്ടില്‍ ഇന്ത്യന്‍ താരം ലവ്‌ലിന ബോര്‍ഗൊഹെയ്‌നിന് വെങ്കലം. സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസെനാസ് ലവ്‌ലിനയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു. 5-0നാണ് ലവ്‌ലിനയുടെ തോല്‍വി. ആദ്യ റൗണ്ടില്‍ നന്നായി തുടങ്ങിയെങ്കിലും ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ തുര്‍ക്കി താരമാണ് മുന്‍തൂക്കം നേടിയത്.

ബുസെനാസിന്റെ ഹെവി പഞ്ചുകള്‍ക്കെതിരെ ആക്രമിക്കാനുള്ള ശ്രമം ലവ്‌ലിനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പഞ്ചുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ബുസെനാസ് മികവ് കാണിച്ചു. ആദ്യ രണ്ട് റൗണ്ടുകളും 5-0 നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്. ഇതോടെ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ താരത്തിന് മുന്‍പില്‍ അടഞ്ഞു.

ബോക്‌സിങ്ങില്‍ 2008ല്‍ വിജേന്ദറിലൂടേയും 2012ല്‍ മേരി കോമിലൂടേയുമാണ് ഇന്ത്യ മെഡല്‍ നേടിയത്. വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്‌ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന്‍ ചിന്‍ ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്‌ലിന സെമിയിലേക്ക് എത്തിയത്‌.