ടോക്യോ : ലോക ചാമ്പ്യന്മാരായ ബെല്‍ജിയം ഒളിംപിക്സ് ഹോക്കി ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്ത്യയെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ഹാട്രിക് നേടിയ അലക്സാണ്ടര്‍ ഹെന്റിക്സ് ആണ് ബെല്‍ജിയത്തിന്റെ വിജയശില്‍പ്പി. മല്‍സരത്തിന്റെ 70 -ാം സെക്കന്‍ഡില്‍ ലൂയിപെര്‍ട്ടിലൂടെ ബെല്‍ജിയം മുന്നിലെത്തി. തുടര്‍ന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ 11-ാം മിനുട്ടില്‍ മന്‍പ്രിതീലൂടെ ഗോള്‍ മടക്കി സമനില പിടിച്ചു.
രണ്ടു മിനുട്ടിനകം മന്ദീപ് സിങ്ങിലൂടെ വീണ്ടും ഗോള്‍ വല ചലിപ്പിച്ച് ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ ഇന്ത്യ 2-1 ന് ലീഡിലായിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അലക്സാണ്ടര്‍ ഹെന്റിക്സിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
നിര്‍ണായകമായ അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ നേടിയ അലക്സാണ്ടര്‍ ഹെന്റിക്സാണ് ബെല്‍ജിയത്തിന് വിജയം ഉറപ്പിച്ചത്. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹെന്റിക്സ് ഹാട്രിക് തികച്ചത്. മല്‍സരത്തിന്റെ അവസാന നിമിഷം ഡോമെന്‍ നേടിയ ഫീല്‍ഡ് ഗോളോടെ ബെല്‍ജിയം ഫൈനല്‍ബെര്‍ത്ത് കരസ്ഥമാക്കി.
ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയത്. ഇന്ത്യയ്ക്ക് ഇനി വെങ്കല മെഡലിനായി മല്‍സരിക്കാം.