തിരുവനന്തപുരം: കെഎസ്എഫ്ഇ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ തകർച്ചയെത്തുടർന്ന് നിക്ഷേപകർക്ക് ലഭിച്ചത് പകുതി തുക മാത്രം. സ്റ്റാച്യു കെഎസ്എഫ്ഇ റീജണൽ ഓഫീസിനു സമീപം പ്രവർത്തിച്ചിരുന്ന സഹകരണ സംഘം 2013ലാണ് തകർന്നത്. 500ലേറെ നിക്ഷേപകരുടെ 31 കോടി രൂപയോളം വരുന്ന നിക്ഷേപമാണ് തിരിമറിയിലൂടെ നഷ്ടമായത്.
നഷ്ടമായതിൽ 15 കോടി രൂപ കെഎസ്എഫ്ഇ. നിക്ഷേപകർക്ക് മടക്കി നൽകണമെന്ന് കോടതിവിധിയുണ്ടായിരുന്നു. ഒന്നാംഘട്ടമായി ഏഴുകോടി രൂപ അനുവദിച്ചു. ബാക്കി തുക സംഘത്തിലെ അഞ്ചു ജീവനക്കാരിൽനിന്ന് ഈടാക്കണമെന്ന നിർദേശമുണ്ടായിരുന്നു. ഇതിന് കാലതാമസമുണ്ടാവുകയും തിരിച്ചുപിടിക്കാൻ കഴിയാതെയും വന്നു. റിക്കവറി നടപടികൾ പുരോഗമിക്കുമ്പോൾ കുറ്റക്കാർ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നു.
എട്ടുവർഷത്തിനിടയിൽ 50 ശതമാനം തുക മാത്രമേ മടക്കി നൽകിയുള്ളൂവെന്ന് നിക്ഷേപകർ അറിയിച്ചു. തിരിമറിക്ക് കൂട്ടുനിന്നവർക്കു നേരേയും നടപടിയെടുത്തിരുന്നില്ല. സഹകരണസംഘം ഇപ്പോഴും പേരിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഇടപെട്ട് നിക്ഷേപത്തുക പൂർണമായും മടക്കിനൽകിയെന്ന പ്രചാരണം തെറ്റാണെന്നും നിക്ഷേപകരുടെ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.