തുടർച്ചയായി രണ്ടു മെഡൽ; ഒളിമ്പിക്സിൽ ഇന്ത്യൻ ചരിത്രമെഴുതി പിവി സിന്ധു

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യൻ ചരിത്രമെഴുതി പിവി സിന്ധു. തുടർച്ചയായി രണ്ടു ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന വിശേഷണം ഇനി സിന്ധുവിന് സ്വന്തം. റിയോ ഒളിമ്പിക്സിൽ വെള്ളി. ജപ്പാനിൽ വെങ്കലം.

വൈകീട്ട് നടന്ന മത്സരത്തില്‍ സിന്ധു 21-13, 21- 15 ന് ചൈനയുടെ ഹി ബിങ് ജിയാവോയെ തകർത്തു. 52 മിനിറ്റ് നീണ്ട കളിയിൽ സിന്ധുവിൻ്റെ ആധിപത്യം. ഗുസ്തിക്കാരൻ സുശീൽ കുമാറാണ് ഇതിനു മുമ്പ് വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഇന്ത്യക്കാരൻ.

ഇന്നലെ സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടിരുന്നു (21-18, 21-12).

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന് ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ കാലിടറി. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ സിന്ധുവിന്റെ മെഡല്‍ നേട്ടം രണ്ടായി.