പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ടോക്കിയോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 80ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിംപിക്‌സില്‍ സെമിഫൈനില്‍ എത്തുന്നത്.

ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങ് 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങുമാണ് 57-ാം മിനിറ്റില്‍ ഹാര്‍ദിക്കുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഒറ്റക്കെട്ടായുള്ള പ്രകടനത്തിന് മുന്‍പില്‍ ബ്രിട്ടന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

2018 ബെയ്ജിങ് ഒളിമ്പിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീടുള്ള അഞ്ചു വര്‍ഷം ഇന്ത്യയുടെ ജൈത്രയാത ആയിരുന്നു. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം വരെ എത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ മികവ്.

ടോക്കിയോയില്‍ മന്‍പ്രീതും സംഘവും മികച്ച ഫോമിലാണ്. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയോട് ദയനീയമായി തോറ്റതിന് ശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാംസ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം ക്വാര്‍ട്ടറില്‍ എത്തിയത്.