ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നീസ്; സിംഗിള്‍സ് സെമിയില്‍ ജോക്കോവിചിന് വമ്പന്‍ പരാജയം

ടോക്യോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സ് പോരാട്ടത്തിന്റെ സെമിയില്‍ ജോക്കോവിചിന് വമ്പന്‍ പരാജയം. ഗോള്‍ഡന്‍ സ്ലാം നേടി ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടെന്നീസ് താരമെന്ന ഖ്യാതി സ്വന്തമാക്കാനിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിചിന്റെ ആ മോഹത്തിന് കനത്ത തിരിച്ചടി. നേരിട്ടുള്ള പോരാട്ടത്തില്‍ ജോക്കോവിചിനെ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് അട്ടിമറിച്ചു.

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയാണ് ജോക്കോവിച് ടോക്യോയില്‍ മത്സരിക്കാനെത്തിയത്. ഇവിടെ സ്വര്‍ണം നേടി ഈ സീസണിലെ യുഎസ് ഓപണ്‍ കിരീടം കൂടി നേടി ഗോള്‍ഡന്‍ സ്ലാം എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുമായാണ് സെര്‍ബിയന്‍ താരം ടോക്യോയില്‍ എത്തിയത്. എന്നാല്‍ സെമിയില്‍ സ്വരേവിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ അതെല്ലാം അവസാനിച്ചു.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടി ജോക്കോ തുടങ്ങിയെങ്കിലും പിന്നീട് രണ്ട് സെറ്റുകള്‍ നേടി സ്വരേവ് സെര്‍ബിയന്‍ താരത്തെ ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 1-6, 6-3, 6-1.

സ്വര്‍ണ മെഡല്‍ പോരാട്ടത്തിനായി സ്വരേവ് റഷ്യന്‍ താരം കചന്‍ ഖചനോവുമായി ഏറ്റുമുട്ടും. സെമിയില്‍ സ്പാനിഷ് താരം പാബ്ലോ കരെനോ ബുസ്റ്റയെ കീഴടക്കിയാണ് ഖചനോവ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. വെങ്കല മെഡല്‍ പോരാട്ടത്തിനായി ജോക്കോവിച് ബുസ്റ്റയുമായി മാറ്റുരയ്ക്കും.