ഒളിമ്പിക്‌സ് ഇടിക്കൂട്ടിലെ അവസാന മെഡല്‍ മോഹം പൊലിഞ്ഞു; മേരികോം പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ:ഒളിമ്പിക്‌സ് ബോക്സിംഗില്‍ മേരി കോം തോറ്റു. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയയോട് തോറ്റാണ് മേരി കോം പുറത്തായത്. ഇതോടെ ഇടിക്കൂട്ടിലെ കരുത്തുള്ള വനിതയായി പേരെടുത്ത മേരികോമിന് ഒരു മെഡലോടെ ഒളിമ്പിക്‌സില്‍ നിന്ന് വിടപറയാമെന്ന മോഹം പൊലിഞ്ഞു.

കടുത്ത പോരാട്ടത്തിന് അവസാനം 3-2 ന് ആയിരുന്നു മേരികോമിന്റെ തോല്‍വി. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റിലാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതിക്ഷയായിരുന്ന മേരികോം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.

ആദ്യ റൗണ്ട് കൊളംബിയന്‍ താരത്തിന് അനുകൂലമായിരുന്നെങ്കില്‍ രണ്ടാം റൗണ്ടില്‍ മേരി കോം കടുത്ത പ്രതിരോധം തീര്‍ത്തു. അവസാന റൗണ്ടില്‍ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടം നടന്നു, എന്നാല്‍ വലന്‍സിയയ്ക്കെതിരായ സമ്മര്‍ദ്ദം അതിജീവിക്കാന്‍ മേരികോമിന് കഴിഞ്ഞില്ല.

രണ്ടാം റൗണ്ടിലേയും മൂന്നാം റൗണ്ടിലേയും നേരിയ മുന്‍തൂക്കം വിജയത്തിന് മതിയാകതെ വന്നതോടെ ആദ്യ റൗണ്ട് മത്സരഫലം നിര്‍ണയിക്കുകയായിരുന്നു. ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് മേരി പ്രീക്വാര്‍ട്ടറിലെത്തിയത്.

38 കാരിയായ മേരികോമിന്റെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് മേരികോം. 2106ലെ റിയോ ഒളിമ്പിക്‌സോടെ വിരമിക്കാനിയിരുന്നു മേരികോമിന്റെ തീരുമാനമെങ്കിലും അന്ന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ആറുതവണ ലോക ചാമ്പ്യനായ മേരികോം അമ്മയായ ശേഷവും കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് പ്രശസ്തി നേടിയ താരം കൂടിയാണ്. ഒരു വളര്‍ത്തുപുത്രിയുടെ അടക്കം നാല് മക്കളുടെ അമ്മയാണിവര്‍.