ഒളിമ്പിക്‌സ് ഹോക്കി: നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്സ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. പൂള്‍ എയിലെ നാലാം മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ വീഴ്ത്തിയത്. ഗോള്‍ രഹിതമായ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ക്ക് ശേഷം മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഡിഫന്റര്‍ വരുണ്‍ കുമാറാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന സമനില പിടിച്ചു. പിന്നാലെ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ വലയിലാക്കി ഇന്ത്യ ജയം ഉറപ്പിച്ചു.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ വിവേക് സാഗര്‍ പ്രസാദ് ആണ് ഇന്ത്യക്കായി രണ്ടാമത്തെ ഗോള്‍ നേടിയത്. മൂന്നാമത്തെ ഗോള്‍ ഹര്‍മന്‍പ്രീത് സിങ്ങില്‍ നിന്നും. പൂള്‍ എയിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്.എന്നാല്‍ ഓസ്ട്രേലിയയോട് 7-1ന് തകര്‍ന്നടിഞ്ഞത് ഇന്ത്യക്ക് വലിയ പ്രഹരമേല്‍പ്പിച്ചിരുന്നു.

ആ തകര്‍ച്ചയില്‍ നിന്നും സ്പെയ്നിനെ 3-0ന് തകര്‍ത്താണ് ഇന്ത്യ തിരികെ കയറിയത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ 3-1ന് ജയം പിടിച്ച് ക്വാര്‍ട്ടറില്‍ എത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. നാളെ ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.