ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരെ; ടീമില്‍ നിലയുറപ്പിക്കാന്‍ സഞ്ജുവിന് മത്സരം നിര്‍ണ്ണായകം

കൊളംബോ: ടി20 പരമ്പരയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യും ഇന്ത്യയ്ക്ക് സ്വന്തമാക്കാം. തോല്‍വി പരമ്പര നഷ്ടത്തിന് ഇടയാക്കുമെന്നതിനാല്‍ നിര്‍ണായക മത്സരത്തിനാണ് ശ്രീലങ്ക കളിക്കിറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തിലേക്ക് വിളിയെത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും രണ്ടാം ടി20 കളിക്കുമോയെന്ന് വ്യക്തമല്ല.

ആദ്യ ടി20യില്‍ സൂര്യകുമാര്‍ യാദവ് 34 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി ഷാ ഗോള്‍ഡന്‍ ഡക്കായിരുന്നു. വിസ ലഭിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ നോക്കുമ്പോള്‍ പൃഥ്വി ഷായും സൂര്യകുമാറും രണ്ടാം ടി20 കളിക്കാനാണ് സാധ്യത.

ആദ്യ മത്സരത്തിലെ പോരായ്മ്കള്‍ നികത്താവുന്ന രീതിയില്‍ ടീമില്‍ ഇന്ത്യ അഴിച്ചുപണി നടത്തിയേക്കും. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദന. ആദ്യ ടി20യില്‍ 12 പന്തില്‍ നിന്ന് 10 റണ്‍സ് ആണ് ഹര്‍ദിക് നേടിയത്. ബൗളിങ്ങിലേക്ക് വന്നപ്പോള്‍ രണ്ടോവറില്‍ തന്നെ 17 റണ്‍സ് വഴങ്ങി. ഒരു ക്യാച്ചും ആദ്യ ടി20യില്‍ ഹര്‍ദിക് നഷ്ടപ്പെടുത്തി. ഏകദിനത്തിലും ഹര്‍ദിക്കിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതേസമയം, ലോകകപ്പ് അടുത്തുവരുന്നതിനാല്‍ പാണ്ഡ്യയ്ക്ക് കൂടുതല്‍ അവസരം നല്‍കാനും ടീം മാനേജ്മെന്റ് ശ്രമിച്ചേക്കും. പാണ്ഡ്യയെ മാറ്റുകയാണെങ്കില്‍ നിതീഷ് റാണ, റിതുരാജ് ഗെയ്ക്ക്വാദ് എന്നിവരിലൊരാള്‍ ടീമിലെത്തും. ടീമില്‍ മറ്റൊരു മാറ്റത്തിന് സാധ്യതയില്ല. എന്നാല്‍ ശ്രീലങ്കന്‍ ടീമില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ല. ആദ്യ കളിയില്‍ കളിച്ച അതേ ടീമിനെ രണ്ടാം മത്സരത്തിലും നിലനിര്‍ത്തിയേക്കും.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിന്നിറങ്ങുമ്പോള്‍ മത്സരം മലയാളി താരം സഞ്ജുവിനും നിര്‍ണ്ണായകമാണ്. ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. 20 പന്തില്‍ 2 ഫോറും ഒരു സിക്സും പറത്തി 27 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. നല്ല ഷോട്ടുകളുമായി മുന്നോട്ടുപോകവെ പൊടുന്നനെ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സഞ്ജു പുറത്തായത്.

ഇന്ത്യക്കായി ഇറങ്ങിയ എട്ട് കളിയില്‍ നിന്ന് 113 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം. ശരാശരി 13.75. ഏറെ പ്രതീക്ഷയോടെ തുടങ്ങുകയും നിരാശാജനകമായി അവസാനിപ്പിക്കുകയും ചെയ്യുന്നത് ശീലമാക്കുന്നതാണ് സഞ്ജുവിന് വിനയാകുന്നത്. ഇത് പലപ്പോഴും വിമര്‍ശനത്തിനും ഇടയാക്കുന്നുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുക്കുന്ന പ്രകടനം രാജ്യത്തിനുവേണ്ടി ആവര്‍ത്തിക്കാന്‍ കഴിയാത്തതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. സഞ്ജുവിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിനെതിരെ മുന്‍ താരങ്ങളും ഇതിനോടകം രംഗത്തെത്തിയിരുന്നു. ദേശീയ ടീമില്‍ ലഭിക്കുന്ന അവസരം മുതലെടുത്ത് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് കഴിയുന്നില്ല. അതിനാല്‍ തന്നെ ഇന്ന് നടക്കുന്ന മത്സരത്തിലെ പ്രകടനം ദേശീയ ടീമില്‍ സഞ്ജുവിന്റെ ഭാവിക്ക് നിര്‍ണ്ണായകമാണ്.