ടോക്യോ: ടോക്കിയോ ഒളിമ്പിക്‌സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് നിരാശ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ശരത് കമല്‍- മനിക ബത്ര സഖ്യം പരാജയപ്പെട്ടു. പ്രീ-ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയിയുടെ യുന്‍ ലിന്‍- ചിങ് ചെങ് സഖ്യത്തോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. എതിരില്ലാത്ത നാല് ഗെയിമുകള്‍ക്കായിരുന്നു ചൈനീസ് തായ്‌പേയ് ടീമിന്റെ ജയം, സ്‌കോര്‍: 8-11, 6-11, 5-11, 4-11. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു ഇനമായിരുന്നു ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ്.
ആദ്യ ഗെയിമില്‍ അല്പം മുന്നിട്ട് നിന്നത് ഒഴിച്ചാല്‍ ഇന്ത്യന്‍ സഖ്യത്തിന് ഒരു അവസരം പോലും എതിര്ഡ സഖ്യം നല്‍കിയില്ല. ലോക റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള യുന്‍ ലിന്നും ചിങ് ചെങ്ങും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അവസരം കണ്ടെത്താനാകാതെ പുറത്താവുകയായിരുന്നു. റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ കടുത്ത എതിരാളികളെയായിരുന്നു ലഭിച്ചത്.
മനിക ഇന്ന് സിംഗിള്‍സിലും മത്സരിക്കുന്നുണ്ട്. ബ്രിട്ടന്റെ ടിന്‍ ടിന്‍ ഹോയാണ് മനികയുടെ എതിരാളി. മറ്റൊരു വനിതാ താരം സുതിര്‍ത്ഥ മുഖര്‍ജി സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്‌സ്‌ട്രോമുമായി ഏറ്റുമുട്ടും.