അരങ്ങേറ്റത്തില്‍ അര്‍ധശതകം തികയ്ക്കാതെ സഞ്ജു മടങ്ങി; കൂടെ പൃഥ്‌വിയും

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് അര്‍ഥ ശതകം പൂര്‍ത്തിയാക്കാതെ മടക്കം. അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 46 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് സഞ്ജു സാംസണ്‍ മടങ്ങിയത്.

മികച്ച ഷോട്ടുകളിലൂടെ കളംപിടിച്ചു തുടങ്ങവെ ശ്രീലങ്കയുടെ ജയവിക്രമയുടെ പന്തില്‍ ഒരു കവര്‍ ഡ്രൈവിന് ശ്രമിക്കവെ ഫെര്‍നാഡോയുടെ കൈകളിലെത്തിയാണ് സഞ്ജു പുറത്തുപോകുന്നത്. ട്വന്റി 20 ല്‍ അരങ്ങേറി ആറ് വര്‍ഷത്തിന് ശേഷമാണ് സഞ്ജുവിന് ഏകദിന മത്സരത്തില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. നാല്‍പത്തിയൊന്‍പത് റണ്‍സില്‍ നില്‍ക്കവെ ശനകയുടെ എല്‍ബിഡബ്ല്യൂവിലൂടെയാണ് പൃഥ്വി പുറത്തുപോയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് ഓവറില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയടക്കം വിക്കറ്റുകളാണ് നഷ്ടമായത്. തുടരെ ബൗണ്ടറികളുമായി നല്ല തുടക്കമാണ് നായകന്‍ നല്‍കിയതെങ്കിലും മുപ്പത്തിയൊന്ന് റണ്‍സെടുത്ത് ദുഷ്മന്ത ചമീറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ശിഖര്‍ ധവാന്‍ പുറത്തുപോവുകയായിരുന്നു.

സഞ്ജു അടക്കം അഞ്ച് അരങ്ങേറ്റക്കാരെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ത്യ ഇന്നിറങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹാര്‍ എന്നിവരാണ് സഞ്ജുവിനൊപ്പം മത്സരത്തിനിറങ്ങുന്ന മറ്റ് അരങ്ങേറ്റക്കാര്‍.