ടോക്യോ: കായിക മാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഉദ്ഘാടന ചടങ്ങ് ഡയറക്ടറെ പുറത്താക്കി ഒളിമ്പിക് സംഘാടക സമിതി. ഉദ്ഘാടന ചടങ്ങ് ഡയറക്ടര്‍ കെന്റാരോ കോബയാഷിയെയാണ് പുറത്താക്കിയത്. കെന്റാരോ കോബയാഷിയെ പുറത്താക്കിയതായി സംഘാടക സമിതി പ്രസിഡന്റ് സീകോ ഹാഷിമോട്ടോയാണ് അറിയിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു പരാമര്‍ശമാണ് ഉദ്ഘാടന ചടങ്ങ് ഡയറക്ടറെ പുറത്താക്കാന്‍ കാരണം. 1998 ല്‍ ഒരു കോമഡി ഷോയ്ക്കിടെ കെന്റാരോ കോബയാഷി ”ലെറ്റ്‌സ് പ്ലേ ഹോളോകാസ്റ്റ്” എന്ന വാചകം ഉള്‍പ്പെടെ ഹോളോകോസ്റ്റിനെക്കുറിച്ച് തമാശ പറഞ്ഞതായാണ് ആരോപണം.
കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് കാലതാമസം നേരിട്ട ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ തലേദിവസമാണ് കെന്റാരോ കോബയാഷിയുടെ പുറത്താക്കല്‍ എന്നതും ശ്രദ്ധേയമാണ്. ഉദ്ഘാടനച്ചടങ്ങില്‍ സംഗീതം നല്‍കേണ്ടിയിരുന്ന ഒരു സംഗീതജ്ഞന്‍ തന്റെ സഹപാഠികളെ മുമ്പ് കളിയാക്കിയിട്ടുണ്ട് എന്ന കാരണത്താല്‍ ഈ ആഴ്ച ആദ്യം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരുന്നു.
അതേസമയം ഒളിമ്പിക് വില്ലേജില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് താരങ്ങള്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സംഘാടകര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പുരുഷ ബീച്ച് വോളിബോള്‍ താരം ടെയ്ലര്‍ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ സ്‌കീറ്റ് ഷൂട്ടര്‍ ആംബര്‍ ഹില്‍സ് എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 11 പുതിയ കേസുകള്‍ ഉണ്ടായതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.