എയ്ത് നേടിയത് ജീവിതം; കൂലിപ്പണിക്കാരന്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ പ്രതീക്ഷയായത് ഇങ്ങിനെ

ന്യൂഡെല്‍ഹി: തോൽക്കാൻ മനസില്ലെന്ന ഒരൊറ്റ ചിന്തയാണ് ഇന്ത്യൻ അമ്പെയ്ത്ത് താരം പ്രവീൺ ജാദവിനെ ഇന്ന് ടോക്യോ ഒളിമ്പിക്സ് വേദിയിൽ കൊണ്ട് വന്നു നിർത്തിയിരിക്കുന്നത്. ചെറുപ്പകാലത്ത് അമ്പെയ്ത്ത് താരം പ്രവീണ്‍ ജാദവിന് ജീവിതത്തില്‍ രണ്ട് വഴികളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, പിതാവിനൊപ്പം ദിവസ വേതനത്തിന് ജോലി. രണ്ട്, ട്രാക്കില്‍ ഇറങ്ങുക.

കഷ്ടപാടുകൾ ഏറെ ഉണ്ടായിരുന്നിട്ടും രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്‌സില്‍ എത്തി നില്‍ക്കുകയാണ് പ്രവീണ്‍. മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ നിന്നെത്തിയ പ്രവീണ്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളാണ്.

ഇന്നത്തെ നിലയിലേക്കുള്ള പ്രവീണിന്റെ യാത്ര ദുഷ്‌കരമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കണമെന്നും നിര്‍മാണ ജോലിയില്‍ തനിക്കൊപ്പം കൂടണമെന്നും പിതാവ് ആവശ്യപ്പെട്ടു.

സില്ല പരിഷദ് സ്‌കൂളിലെ പ്രവീണിന്റെ കായിക അധ്യാപകനായ വികാസ് ഭുജ്പാലാണ് അത്‌ലറ്റിക്‌സില്‍ മികവ് പുലര്‍ത്തിയാല്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന ഉപദേശം താരത്തിന് നല്‍കിയത്.

”ഭൂജ്പാല്‍ സാറാണ് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ പറഞ്ഞത്. മത്സരങ്ങളുടെ ഭാഗമാകാനും അദ്ദേഹം നിര്‍ദേശിച്ചു. ജീവിക്കാനുള്ള വരുമാനം ലഭിക്കുമെന്നതിനാല്‍ ഞാന്‍ 400, 800 മീറ്റര്‍ വിഭാഗങ്ങളില്‍ പങ്കെടുത്തു,” പ്രവീണ്‍ പറഞ്ഞു.

അവിചാരിതമായാണ് പ്രവീണ്‍ അമ്പെയ്ത്തിലേക്ക് എത്തുന്നത്. അഹമ്മദ് നഗറിലെ പരിശീലനത്തിനിടെ 10 മീറ്റര്‍ ദൂരത്തിലുള്ള വളയത്തിലേക്ക് 10 തവണ ലക്ഷ്യം തെറ്റാതെ പന്തെറിഞ്ഞ് വീഴ്ത്തിയതാണ് വഴിത്തിരിവായത്. പിന്നീട് പ്രവീണിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുടുംബത്തിന്റെ ദാരിദ്ര്യത്തിനും അവസാനമായെന്ന് പറയാം.

2019 ഡെന്‍ ബോഷില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പ്രവീണും, തരുണ്‍ദീപ് റായിയും, അതാനു ദാസും അടങ്ങിയ ടീം 2012 ഒളിംപിക്‌സിന് ശേഷം ആദ്യമായി യോഗ്യത നേടി. 14 വര്‍ഷത്തിന് ശേഷമുള്ള ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തിന് വെള്ളി തിളക്കവും ഉണ്ടായിരുന്നു.

”അമരാവതിയിലെ സുനില്‍ താക്കറെ സാറില്‍ നിന്നും പ്രഭൂല്‍ ദാങ്കെ സാറില്‍ നിന്നുമാണ് ഞാന്‍ അമ്പെയ്ത്ത് പഠിച്ചത്. അസോസിയേഷന്‍ സെക്രട്ടറിയായ പ്രമോദ് സാറിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. അദ്ദേഹമാണ് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത്,” പ്രവീണ്‍ പറഞ്ഞു.

”ഒരുപാട് കഴിവുള്ളയാളാണ് പ്രവീണ്‍. അയാളുടെ ഏറ്റവും വലിയ ഗുണം ഏത് സാഹചര്യത്തിലും ശാന്തത വെടിയാതെ തുടരുമെന്നതാണ്. ഒരു അമ്പെയ്ത്തുകാരന് വേണ്ട ഏറ്റവും വലിയ ഗുണമാണത്,” ഇന്ത്യയുടെ മുഖ്യ പരിശീലകനായ മിം ബഹദൂര്‍ പറഞ്ഞു.