ഒളിമ്പിക്‌സ് വില്ലേജില്‍ ഭീതി പടരുന്നു ; രണ്ട് കായിക താരങ്ങള്‍ക്ക് കൂടി കൊറോണ; ആശങ്കക്കിടെ ആദ്യ ഇന്ത്യന്‍ സംഘം പുറപ്പെട്ടു

ടോക്യോ:ഒളിമ്പിക്‌സ് വില്ലേജില്‍ രണ്ട് കായിക താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചു. കഴിഞ്ഞ ദിവസം വില്ലേജിലെ ഒരു വിദേശ ഒഫീഷ്യലിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒളിമ്പിക്സിന് ഇനി അഞ്ചു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് രണ്ട് കായിക താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി സംഘാടകര്‍ തന്നെ വ്യക്തമാക്കുന്നത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ പുതുതായി രണ്ട് കേസുകള്‍ കൂടി വന്നിരിക്കുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കയാണ്.

അതേസമയം കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടേയും കൂടുതല്‍ വിവരങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു വിദേശ ഒഫീഷ്യലിനും രണ്ട് കായിക താരങ്ങളുമാണ് കൊറോണ പോസ്റ്റീവായതെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.

കൊറോണ പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് സംഘാടകര്‍ പറയുന്നത്.

അതിനിടെ ടോക്യോ ഒളിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലെ ആദ്യ ബാച്ച് ജപ്പാനിലേക്ക് പുറപ്പെട്ടു. പുരുഷ, വനിതാ ഹോക്കി ടീമുകളിലെ അംഗങ്ങളായ പിവി സിന്ധുവും ആര്‍ച്ചറി ടീമും ഉള്‍പ്പെടുന്ന ആദ്യ സംഘമാണ് ശനിയാഴ്ച വൈകിട്ട് ജപ്പാനിലേക്ക് പുറപ്പെട്ടത്.

കായിക മന്ത്രി അനുരാഗ് താക്കൂറാണ് ഇന്ത്യന്‍ സംഘം പുറപ്പെട്ടതായി അറിയിച്ചത്. കായിക താരങ്ങള്‍ക്കുള്ള യാത്രയയപ്പും ഡെല്‍ഹിയില്‍ നടന്നു. 228 അംഗ ഇന്ത്യന്‍ സംഘമാണ് ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു.

ഈ മാസം 23നാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. കൊറോണ സാഹചര്യം പരിഗണിച്ച് ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.