കൊളംബോ ഏകദിനം; ഇടം നേടാനാകാതെ സഞ്ജു; മികച്ച താരമെങ്കിലും കഴിവിനോട് നീതി പുലര്‍ത്താനായില്ലെന്ന് മുന്‍ താരം

കൊളംബോ: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാസംണ്‍ ഇടം നേടുമെന്ന് പ്രതിക്ഷിച്ചിരുന്നെങ്കിലും നറുക്കുവീണില്ല. ഇന്ത്യന്‍ ടീമും ലങ്കന്‍ ടീമും യുവനിരയെയാണ് പരീക്ഷിക്കുന്നത് . അതുകൊണ്ട് തന്നെ സഞ്ജു ടീമില്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീകഷ.

ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിനുള്ള വേദികൂടിയാണ് ഏകദിന പരമ്പര. മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനുമാണ് അരങ്ങേറുന്നത്. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലുമുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കുല്‍ചാ സഖ്യം തിരിച്ചെത്തുന്നത്.

അതേസമയം സഞ്ജു മികച്ച താരമാണെന്നും എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കഴിവിനൊത്ത് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കു വച്ച വീഡിയോയിലാണ് ജാഫര്‍ സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്. ശ്രീലങ്കന്‍ പ്രകടനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു വസീം ജാഫറിന്റെ പരാമര്‍ശം.

”ഞാന്‍ ഉറ്റുനോക്കുന്ന ഒരു കളിക്കാരനാണ് സഞ്ജു സാംസണ്‍. അയാള്‍ മികച്ച പ്രകടനം കാഴ്ച വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ ആവേശം തരുന്നൊരു താരമാണ് സഞ്ജു. പക്ഷെ എവിടെയോ തന്റെ കഴിവിനൊത്ത പ്രകടനം ഇന്ത്യക്കായി പുറത്തെടുക്കാന്‍ അയാള്‍ക്കായിട്ടില്ല,” ജാഫര്‍ പറഞ്ഞു.

‘ഐ.പി.എല്ലില്‍ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിനായിട്ടുണ്ട്. സ്ഥിരതയില്ലാത്ത താരമെന്ന് അയാളെ മുദ്ര കുത്തിയിരിക്കുകയാണ്. ഒരു മത്സരത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തുന്നു. എന്നാല്‍ പിന്നീട് മൂന്ന്, നാല് കളികളില്‍ പരാജയപ്പെടുന്നു. വീണ്ടും മികച്ച പ്രകടനവുമായി തിരിച്ചു വരുന്നു. ഇത് സഞ്ജു തിരുത്തേണ്ട ഒന്നാണ്,” ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായതില്‍ പിന്നെ സഞ്ജു കരുതലോടെ കളിക്കുന്നതാണ് നാം കണ്ടത്. അത് തുടരേണ്ടതുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ യുവതാരങ്ങളില്‍ ഒരാളാണ്. ഐപി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്ത് വരെയെത്തിയ സഞ്ജുവിന്റെ നേട്ടങ്ങള്‍ ഏറെയാണ്. എന്നാല്‍ സ്ഥിരതയില്ലായ്മ മൂലം താരത്തിന് ഇതുവരെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.ഇത് പലപ്പോഴും വിമര്‍ശനത്തിനും ഇടയാക്കുന്നുണ്ട്.