ഇടുക്കി: ഭാര്യാസഹോദരനു നേരെ വെടിയുതിർത്തെന്ന പരാതിയിൽ വിമുക്തഭടൻ അറസ്റ്റിൽ. മാവടി സ്വദേശി സിബി (48) ആണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെത്തുടർന്ന് സിബി ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചു വെടിവയ്പ് നടത്തിയെന്നാണു പരാതി. ഇദ്ദേഹത്തിന്റെ തോക്കും തിരകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏതാനും മാസങ്ങളായി സിബിയും ഭാര്യയും തമ്മിൽ പിണങ്ങി കഴിയുകയാണ്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്ക് കാരണം ഭാര്യാസഹോദരനാണെന്ന് സിബി പറഞ്ഞതിനെത്തുടർന്നാണ് വഴക്കുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സിബി ഭാര്യാസഹോദരന്റെ വീട്ടിലെത്തി വെടിവച്ചെന്നാണു പരാതി.
പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ലക്ഷ്യം തെറ്റിയ വെടിയുണ്ട മറ്റൊരു സ്ഥലത്തു പതിച്ചതായാണ് കണ്ടെത്തൽ. തോക്കും തിരകളും കണ്ടെത്തിയെങ്കിലും വെടിവയ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.