ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് ടീമിൽ അംഗമായിരുന്ന യശ്പാൽ ശർമ അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരം യശ്പാൽ ശർമ (66) അന്തരിച്ചു. 1983ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ബിസിസിഐയുടെ വിവിധ ചുമതലകൾ യശ്പാൽ ശർമ് വഹിച്ചിരുന്നു. ഇന്ത്യക്കായി 1978ൽ ഏകദിന അരങ്ങേറ്റം നടത്തി. പാകിസ്താനെതിരെയായിരുന്നു തുടക്കം. 1979ലാണ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയത്.

ഇന്ത്യക്കായി 37 ടെസ്റ്റുകളിലാണ് കളിച്ചത്. രണ്ടു സെഞ്ച്വറികളാണ് കരിയറിൽ നേടിയത്. ലോർഡ്‌സിലെ 1983 ലോകകപ്പ് ഫൈനലിൽ വെസ്റ്റീൻഡീസിനെതിരെയാണ് ഇന്ത്യ കളിച്ചത്. കപിലിന്റെ ചെകുത്താന്മാർ എന്ന വിശേഷിപ്പിച്ച എക്കാലത്തേയും മികച്ച നിരയിൽ യശ്പാൽ ശർമ മധ്യനിരയിലെ കരുത്തായിരുന്നു.

ലോകകപ്പ് ഫൈനലിൽ ഇന്ത്യ 183ന് പുറത്തായെങ്കിലും കരുത്തരായ വിൻഡീസിനെ 140 റൺസിന് പുറത്താക്കിയാണ് കപ്പുയർത്തിയത്. ഫൈനലിൽ 11 റൺസാണ് യശ്പാൽ ശർമ്മയ്ക്കു നേടാനായത്. എന്നാൽ ടൂർണ്ണമെന്റിൽ ഒട്ടാകെ 240 റൺസ് ശർമ നേടിയിരുന്നു. അതേ ടൂർണ്ണമെന്റിൽ തുടക്കത്തിൽ വിൻഡീസിനെതിരെ 89 റൺസ് നേടി കളിയിലെ താരവുമായി. ഓസീസിനെതിരെ 40 റൺസും ഇംഗ്ലണ്ടിനെതിരെ സെമിയിൽ 69 റൺസും നേടിയാണ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്.

ഹരിയാന രജ്ഞിട്രോഫി താരമായാണ് യശ്പാൽ ശർമ ടീമിലെത്തിയത്. റെയിൽവേസിനായും കളിച്ചു. മികച്ച മദ്ധ്യനിര ബാറ്റ്‌സ്മാനായിരുന്നു. ആകെ 160 ഏകദിനങ്ങളിൽ ഇന്ത്യക്കായി ഇറങ്ങി.രഞ്ജി ട്രോഫിയിൽ ആകെ 8933 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 201 റൺസാണ് ഏറ്റവും മികച്ച സ്‌കോർ.