സഹതാരങ്ങള്‍ ആഘോഷത്തിമിര്‍പ്പില്‍; നെയ്മറെ ചേര്‍ത്ത് നിര്‍ത്തി മെസ്സി; മാരക്കാനയില്‍ ഹൃദയഹാരിയായ നിമിഷങ്ങള്‍

മാരക്കാന: കളിക്കളത്തിനു പുറത്തെ നല്ല സുഹൃത്തുക്കളാണു മെസ്സിയും നെയ്മറും. കാല്‍പന്തു കളിയിലെ രണ്ട് ബന്ധശത്രുക്കളുടെ പോരാട്ടം എന്നതിലുപരി രണ്ട് ഉറ്റസുഹൃത്തുക്കള്‍ തങ്ങളുടെ ദേശീയ ജേഴ്‌സിയില്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു കോപയിലെ ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തിന്.

എന്നാല്‍ മാരാക്കാന സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ഇരുവര്‍ക്കും ഇടയില്‍ സൗഹൃദത്തിന്റെ ഒരു ദാക്ഷ്യണ്യവും ഉണ്ടായിരുന്നില്ല. ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നെയ്മര്‍ മത്സരത്തിന് മുന്‍പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ റിയോഡിജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന വിജയ നിമിഷത്തെ താലോലിച്ചപ്പോള്‍ നെയ്മര്‍ പൊട്ടിക്കരയുകയായിരുന്നു. അര്‍ജന്റീനന്‍ താരങ്ങള്‍ കപ്പ് ഏറ്റുവാങ്ങിയ ശേഷം ആര്‍ത്തുല്ലസിച്ചപ്പോള്‍ ദേശീയ കുപ്പായങ്ങള്‍ക്കിപ്പുറം രണ്ട് ഉറ്റ സുഹൃത്തുക്കള്‍ പരസ്പരം ചേര്‍ത്തുപിടിച്ചു. ബ്രസീലിന്റെ നെയ്മറെ ആശ്വസിപ്പിക്കുകയായിരുന്നു മെസി.

തന്നെ അഭിനന്ദിച്ച നെയ്മറിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മെസി ഏറെ നേരം ബാഴ്സയിലെ മുന്‍സഹതാരത്തെ ചേര്‍ത്തുപിടിച്ചു. കോപ അമേരിക്ക കിരീട ദാനത്തിനിടെയിലെ ഹൃദയഹാരിയായ നിമിഷങ്ങളായിരുന്നു അത്. ഈ സമയമൊക്കെയും അര്‍ജന്റീനന്‍ താരങ്ങള്‍ കപ്പുമായി ആഘോഷത്തിലായിരുന്നു.

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ ഒന്നിച്ച് പന്തുതട്ടിയ കാലം തൊട്ട് സുഹൃത്തുക്കളാണ് അര്‍ജ്ന്റീന നായകന്‍ ലയണല്‍ മെസ്സിയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും. ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപയില്‍ മുത്തമിട്ടത്.

അന്താരാഷ്ട്ര കരിയറിലെ കിരീട വരള്‍ച്ചയ്ക്ക് ഇതോടെ മെസി വിരാമമിട്ടു. 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ നേടുന്നത്. ഇത് 15-ാം തവണയാണ് അര്‍ജന്റീന കോപ കിരീടം സ്വന്തമാക്കുന്നത്.