ടോക്യോ ഒളിമ്പിക്‌സ്: വനിതാ പ്രാതിനിധ്യമില്ലാതെ കേരളം

ന്യൂഡെല്‍ഹി: ടോക്യോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വനിതാ അത്‌ലറ്റുപോലുമില്ല. കഴിഞ്ഞ 11 ഒളിമ്പിക്‌സ് മത്സരങ്ങളിലായി കേരളത്തില്‍ നിന്നുള്ള പതിനെട്ട് വനിതകള്‍
ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ ഇത്തവണ ഒരു വനിതയ്ക്ക് പോലും ടീമില്‍ സ്ഥാനമില്ല.

40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ഇന്ത്യ ഒളിമ്പിക് മത്സരത്തില്‍ പങ്കെടുക്കുന്നത്. മിക്‌സഡ് റിലേയില്‍ പോലും കേരളത്തില്‍നിന്നുള്ള വനിതകളില്ല. മലയാളി താരങ്ങളായ വി കെ വിസ്മയക്കും ജിസ്‌ന മാത്യുവിനും സംഘത്തില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.

2018 ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗമായിരുന്നു വിസ്മയ. മാത്രമല്ല 2019 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ റിലേയിലും മിക്‌സഡ് റിലേയിലും വെള്ളി മെഡല്‍ നേടിയ ടീമിലും വിസ്മയയുണ്ടായിരുന്നു. 2016 ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ജിസ്‌ന മാത്യു.

അതേസമയം ഈ മാസം അവസാനം ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്നുള്ള എട്ട്് പുരുഷ അത്‌ലറ്റുമാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഇത്രയും പുരുഷ അത്‌ലറ്റുകള്‍ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടുന്നത്.

പുരുഷ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി. ജാബിര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍ , പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരും മത്സരിക്കുന്നു. 4×400 മിക്‌സഡ് റിലേ ടീമില്‍ മലയാളിയായ അലക്‌സ് ആന്റണിയും ഇടംപിടിച്ചു. ഹോക്കിയില്‍ പി ആര്‍ ശ്രീജേഷുമാണ് ഒളിമ്പിക്‌സിലെ മലയാളി താരങ്ങള്‍.