ക്ലാസിക് പോരാട്ടത്തില്‍ അസൂറിപ്പടയുടെ ഷൂട്ടൗട്ടില്‍ വീണ് സ്‌പെയിന്‍; ഇറ്റലി യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍

വെംബ്ലി: യൂറോ കപ്പില്‍ അസൂറിപ്പടയുടെ കുതിപ്പിനുമുന്നില്‍ തളര്‍ന്ന് സ്‌പെയിന്‍. യൂറോ 2020 സെമി ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലില്‍ പ്രവേശിച്ചു. കളിയിലുടനീളം പന്തിനു കാവല്‍ നിന്ന സ്‌പെയിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇറ്റലി യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്തും അധികസമയത്തും കളി 1-1 സമനിലയായിരുന്നു.

ഷൂട്ടൗട്ടില്‍ ഇറ്റാലിയന്‍ താരം മാനുവല്‍ ലൊകാറ്റെല്ലിക്കും സ്‌പെയിന്‍ താരം ഡാനി ഒല്‍മോയ്ക്കും ആദ്യ കിക്ക് പിഴച്ചതോടെ വീണ്ടും തുല്യതയില്‍. കളിയില്‍ സ്‌പെയിനിന്റെ സമനില ഗോള്‍ നേടിയ അല്‍വാരോ മൊറാത്തയുടെ 4-ാം കിക്ക് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നാരുമ്മ സേവ് ചെയ്തതോടെ ഇറ്റലിയുടെ 5-ാം കിക്ക് നിര്‍ണായകം.

ജോര്‍ജീഞ്ഞോ അനായാസം ലക്ഷ്യം കണ്ടതോടെ ഇറ്റലി ഫൈനലിലേക്ക്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലി 4-2 എന്ന സ്‌കോറിന് സ്‌പെയിനിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയുടെ കരുത്തിലാണ് അസൂറിപ്പട ഫൈനലിലേക്ക് ജയിച്ചുകയറിയത്.

നിശ്ചിത സമയത്ത് ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഗോള്‍ നേടിയെങ്കിലും പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാന്‍ മൊറാട്ടയ്ക്ക് സാധിച്ചില്ല.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, ലിയോണാര്‍ഡോ ബൊനൂച്ചി, ഫെഡറിക്കോ ബെര്‍ണാര്‍ഡ്‌സ്‌കി, ജോര്‍ജീന്യോ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്‌പെയിനിനായി ജെറാര്‍ഡ് മൊറേനോ, തിയാഗോ അലകാന്‍ടാറ എന്നിവര്‍ക്ക് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ഡാനി ഓല്‍മോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ആല്‍വാരോ മൊറാട്ടയുടെ കിക്ക് ഡോണറുമ്മ തട്ടിയകറ്റി.