‘എമി ഞങ്ങളുടെ പ്രതിഭാസം’; ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ പ്രശംസയില്‍ മൂടി മെസി

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫൈനലിലേക്ക് അര്‍ജന്റീന കടന്നതിന് പിന്നാലെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ പ്രശംസയില്‍ മൂടി മെസി. പ്രതിഭാസമായ എമി ഞങ്ങള്‍ക്കുണ്ട് എന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയതിന് പിന്നാലെ മെസി പ്രതികരിച്ചത്.

കഴിഞ്ഞ മാസമാണ് മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആസ്റ്റന്‍ വില്ലയുടെ ഗോള്‍ വല കാത്തതിലെ മികവോടെ അര്‍ജന്റീനിയന്‍ കുപ്പായത്തിലേക്ക് മാര്‍ട്ടിനെസിന് വിളിയെത്തി.മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട് മാര്‍ട്ടിനസ് ഇപ്പോള്‍ അര്‍ജന്റീനയുടെ ഹീറോയും.

‘ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചു. എല്ലാ മത്സരത്തിലും മുന്‍പോട്ട് പോകണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ക്കായി. ഇപ്പോള്‍ ഞങ്ങള്‍ ഫൈനലിലേക്കും കടന്നിരിക്കുന്നു’,- മെസി പറഞ്ഞു.

7ാം മിനിറ്റിലെ ലൗതാറോ മാര്‍ട്ടിനസിന്റെ ഗോളിന് 61ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ മറുപടി നല്‍കിയതോടെയാണ് അര്‍ജന്റീന-കൊളംബിയ പോര് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മെസിയും ലിയാന്‍ഡ്രോ പരദേസും ലൗതാരോ മാര്‍ട്ടിനസും അര്‍ജന്റീനക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ സാഞ്ചസിന്റേയും മിനയുടേയും കാര്‍ഡോനയുടേയും ഷോട്ടുകള്‍ എമിലിയാനോ മാര്‍ട്ടിനസ് തടുത്തിട്ടു.

2008ല്‍ കരിയര്‍ ആരംഭിച്ച മാര്‍ട്ടിനസിന് ശ്രദ്ധ പിടിക്കാന്‍ ഏറെ സമയം വേണ്ടി വന്നിരുന്നു. മാര്‍ട്ടിനസിനെ തേടി 2010ല്‍ ആഴ്സണല്‍ എത്തി. എന്നാല്‍ ലോവര്‍ ഡിവിഷന്‍ ക്ലബുകളില്‍ ലോണില്‍ കളിക്കാനായി മാര്‍ട്ടിനസിനെ ആഴ്സണല്‍ വിട്ടു. 2020 ജൂണില്‍ ആഴ്സണ്‍ ടീമിലേക്ക് എത്തിയതോടെയാണ് കരിയര്‍ മാറി മറിയുന്നത്. പിന്നെയുള്ള സീസണ്‍ മുഴുവന്‍ ആഴ്സണലിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി.

എഫ്എ കപ്പില്‍ ചെല്‍സിയെ 1-0ന് തോല്‍പ്പിച്ച് ആഴ്സണല്‍ കിരീടം ചൂടിയപ്പോഴും മാര്‍ട്ടിനസ് കയ്യടി നേടി. പിന്നാലെ ആസ്റ്റന്‍ വില്ലയിലേക്ക്. 15 ക്ലീന്‍ ഷീറ്റുകളോടെ ആസ്റ്റന്‍ വില്ലയുടെ പ്ലേയര്‍ ഓഫ് ദി സീസനായി. 2011ലാണ് അര്‍ജന്റീനക്ക് വേണ്ടി ആദ്യമായി മാര്‍ട്ടിനസിന് വിളിയെത്തുന്നത്. ജൂണില്‍ നടന്ന ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനിയന്‍ കുപ്പായം. പിന്നെയങ്ങോട്ട് കോപ്പയില്‍ അര്‍ജന്റീനയുടെ നമ്പര്‍ വണ്‍ ചോയിസും.