കാലിലെ പരിക്ക്; ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് ഇംഗ്ലണ്ട് പര്യടനം മുഴുവന്‍ നഷ്‌ടമാകും

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനുള‌ള ടീം ഇന്ത്യയിലെ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് കാലിലെ പരിക്ക് മൂലം പരമ്പര മുഴുവന്‍ നഷ്‌ടമാകും. മൂന്ന് മാസമെങ്കിലും ഗില്ലിന് വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്‌തത് ഗില്ലായിരുന്നു.

രണ്ട് ഓപ്പണര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക കത്ത് നല്‍കിയിട്ടില്ല. അ‌ഞ്ച് ടെസ്‌റ്റ് മത്സരങ്ങളാണ് ഇന്ത്യയ്‌ക്ക് ഇംഗ്ലണ്ട് പര്യടനത്തിലുള‌ളത്. വിജയ് ഹസാരെ ട്രോഫിയിലും തുടര്‍ന്ന് നടന്ന ഐപിഎല്ലിലും മികച്ച ഫോമിലുള‌ള പൃഥ്വി ഷായെയും ദേവ്‌ദത്ത് പടിക്കലിനെയുമാണ് ഈ സ്ഥാനത്തേക്ക് ടീം ഇന്ത്യ ഉദ്ദേശിക്കുന്നത്.

നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിനുള‌ള ടീമില്‍ അംഗങ്ങളാണ് ഇരുവരും. ഇംഗ്ലണ്ടിലുള‌ള മുതിര്‍ന്ന താരങ്ങളടങ്ങുന്ന ടീം ഇന്ത്യയില്‍ മയാങ്ക് അഗര്‍വാള്‍, അഭിമന്യു ഈശ്വരന്‍ എന്നീ ഓപ്പണര്‍മാരുണ്ട്.