ബൊളീവിയയെ ഒന്നിനെതിരെ നാലു ഗോളിന്​ തകർത്ത്​ അർജൻറീന കോപ അമേരിക്ക ക്വാർട്ടറിൽ

ബ്യൂണസ്​ ഐറിസ്​: ഇരട്ട ഗോളുകളും ഒരു അസിസ്​റ്റുമായി മെസ്സി നയിച്ച കളിയിൽ ബൊളീവിയയെ ഒന്നിനെതിരെ നാലു ഗോളിന്​ തകർത്ത്​ അർജൻറീന കോപ അമേരിക്ക ക്വാർട്ടറിൽ. ഒരു ജയം പോലുമില്ലാതെ ബൊളീവിയ പുറത്തായി. എക്വ​ഡോറാണ്​ അർജൻറീനക്ക്​ ക്വാർട്ടർ എതിരാളി.

തുടക്കം മുതലേ സമ്പൂർണ ആധിപത്യവുമായി മൈതാനം ഭരിച്ച നീലക്കുപ്പായക്കാർ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളും നേടി. അഗ്യൂറോ, ഗോമസ്​,​ മെസ്സി, കൊറിയ എന്നിവരടങ്ങിയ നാൽവർ സംഘം ചടുല നീക്കങ്ങളുമായി എതിർഹാഫിൽ വട്ടമിട്ടുന്നതിനൊടുവിൽ ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ അസിസ്​റ്റിൽ ഗോമസ്​ ലക്ഷ്യം കണ്ടത്​. പിന്നെയും തുടരെ മെസ്സിക്കൂട്ടം ബൊളീവിയൻ ഹാഫിൽ അപകടം വിതച്ചു.

ഗോമസിനെ വീഴ്​ത്തിയതിന്​ 32ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​ ഗോളാക്കി മെസ്സി ലീഡുയർത്തി. ഇടതുവശത്ത്​ ഗോമസും അഗ്യൂറോയും കൂടുതൽ അപകടം വിതച്ചപ്പോൾ വൈകാതെ മൂന്നാം ഗോളും പിറന്നു. മൈതാന മധ്യത്തിൽനിന്ന്​ അഗ്യൂറോ നീട്ടി നൽകിയ പന്ത്​ അനായാസം ഗോളിക്കു മുകളിലൂടെ തട്ടിയിട്ടായിരുന്നു ആദ്യ പകുതിയിൽ തന്നെ ലീഡ്​ മൂന്നാക്കി ഉയർത്തിയത്​.

രണ്ടാം പകുതിയിൽ ​ ബൊളീവിയ ഒരു ഗോൾ മടക്കി. 60ാം മിനിറ്റിൽ സാവേദ്രയായിരുന്നു സ്​കോറർ. വലതുവശത്ത്​ ജസ്​റ്റീനിയാനോ നടത്തിയ മുന്നേറ്റം അർജൻറീന ബോക്​സിൽ കാത്തുനിന്ന സാവേ​ദ്ര ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അതോടെ, കളി പിടിക്കാമെന്നുവെച്ച്​ മൂന്നുപേരെ പകരമിറക്കി ബൊളീവിയ കളി പിടിക്കാൻ ശ്രമം നടത്തിയപ്പോൾ അഗ്യൂറോയെ തിരിച്ചുവിളിച്ച്​ സ്​കേലോണി അർജൻറീന ആക്രമണത്തിലും മൂർച്ച കൂട്ടി.

പകരക്കാരനായെത്തിയ മാർട്ടിനെസ്​ അടുത്ത മിനിറ്റിൽ ലക്ഷ്യം കാണുകയും ചെയ്​തു. ജൂലിയൻ അൽവാരെസിൻ്റെ ​ ക്രോസ്​ കാലിലെടുത്ത്​ മെസ്സി അടിച്ച പന്ത്​ പ്രതിരോധ നിരയുടെ കാലിൽ തട്ടി മടങ്ങിയത്​ മാർട്ടിനെസി​ൻ്റെ കാലുകളിൽ. ഒട്ടും പിഴക്കാ താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്​തു. പിന്നെയും ഗോളവസരങ്ങളുമായി മെസ്സിക്കൂട്ടം മൈതാനത്ത്​ പറന്നുനടന്നെങ്കിലും സ്​കോർ ബോർഡ്​ 4-1ൽ നിന്നു.

​ബൊളീവിയക്കെതിരെ കോപ ​അമേരിക്കയിൽ അർജൻറീനക്ക്​ ഇതോടെ 10ാം വിജയം. നായകൻ മെസ്സിയാക​ട്ടെ, സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ കളിച്ച താരവുമായി. സെർജിയോ അഗ്യൂറോ 100 കളിയും പൂർത്തിയാക്കി.

ക്വാർട്ടർ ചിത്രവും ഇതോടെ വ്യക്​തമായി. അർജൻറിന എക്വഡോറിനെ നേരിടു​മ്പോൾ ബ്രസീലിന്​ കരുത്തരായ ചിലിയാണ്​ എതിരാളികൾ. പെറു പരാഗ്വയെയും ഉറുഗ്വായ്​ കൊളംബിയയെും നേരിടും.