ബ്രസീലിയ: കോപ്പ അമേരിക്കയിലെ എ ഗ്രൂപ്പിൽ ഉറുഗ്വേയ്ക്ക് പിന്നാലെ ക്വാർട്ടർ ഉറപ്പിച്ച് പാരാഗ്വേയും. ചിലിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് പാരാഗ്വേ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
33ാം മിനിറ്റിൽ ബ്രയാൻ സമുദിയോയിലൂടെയാണ് പാരാഗ്വേ ആദ്യ ഗോൾ നേടിയത്. കോർണറിൽ നിന്നായിരുന്നു ഇവിടെ ഗോൾ വന്നത്. മിഗ്വേൽ അൽമിറോൺ എടുത്ത കോർണറിൽ ഹെഡ് ചെയ്ത് ബ്രയാൻ പന്ത് ഗോൾവലയ്ക്കുള്ളിലെത്തിച്ചു.
58ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാമത്തെ ഗോൾ. കാർലോസ് ഗോൺസാലസിനെതിരായ ചിലി താരത്തിന്റെ ഫൗളാണ് പാരാഗ്വേയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. പെനാൽറ്റി വലയിലാക്കിയത് മിഗ്വേൽ അൽമിറോൺ. ചിലി നേരത്തെ തന്നെ കോപ്പ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
കളിയിൽ കൂടുതൽ ആധിപത്യം പുലർത്തി കളിച്ചത് ചിലി ആയിരുന്നു. പാസുകളിലും പന്ത് കൈവശം വെക്കുന്നതിലും അവർ പാരാഗ്വേയേക്കാൾ ഏറെ മുൻപിൽ നിന്നു. ആദ്യ പകുതിയുടെ 21ാം മിനിറ്റിൽ ബ്രെരട്ടന് ലഭിച്ച അവസരം ഉൾപ്പെടെ മുതലാക്കുന്നതിൽ ചിലി പരാജയപ്പെട്ടതോടെ ഗോൾ വല കുലുക്കാനായില്ല.