റിയോ: കോപ്പ അമേരിക്കയിൽ കൊളംബിയയോട് സമനില വഴങ്ങുമെന്ന് തോന്നിച്ച ബ്രസീൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഗോൾ വല കുലുക്കി ജയം പിടിച്ചു. 90+ 10 മിനിറ്റിൽ കാസിമെറോയിലൂടെയാണ് ബ്രസീൽ അവസാന നിമിഷം ജയം പിടിച്ചത്.
നെയ്മറെടുത്ത കോർണറിൽ ഹെഡ്ഡറിലൂടെയാണ് കാസിമെറോ വിജയ ഗോൾ നേടിയത്. നേരത്തെ കളി ആരംഭിച്ച് 10ാം മിനിറ്റിൽ തന്നെ കൊളംബിയ ഗോൾ വല കുലുക്കിയിരുന്നു. എന്നാൽ സമനില ഗോളിനായി ബ്രസീൽ വിയർത്തു. ഒടുവിൽ 66ാം മിനിറ്റിൽ ഫിർമിനോയിലൂടെയാണ് ബ്രസീൽ സമനില പിടിച്ചത്.
എന്നാൽ ബ്രസീലിന്റെ ഗോൾ മുന്നേറ്റത്തിന് ഇടയിൽ പന്ത് റഫറിയുടെ കാലിൽ തട്ടിയിരുന്നു. ഇവിടെ റഫറി വിസിൽ മുഴക്കുന്നതിനായി കൊളംബിയൻ താരങ്ങൾ കാത്തപ്പോഴേക്കും ബ്രസീൽ ഗോൾ വല കുലുക്കുകയായിരുന്നു. സമനിലയിൽ നിന്ന് ജയത്തിലേക്ക് ബ്രസീലിനെ എത്തിക്കാതിരിക്കാൻ 10 കൊളംബിയൻ താരങ്ങളും പ്രതിരോധത്തിലേക്ക് വന്ന് കളിക്കുന്ന സ്ഥിതിയുണ്ടായി.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബോക്സിനുള്ളിൽ വീണ നെയ്മർ പെനാൽറ്റിക്കായി ആവശ്യമുന്നയിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഫ്രീക്വിക്ക് ലഭിച്ചെങ്കിലും അതും മുതലാക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല. പത്ത് മിനിറ്റാണ് കളിയിൽ അധിക സമയമായി അനുവദിച്ചത്. ഈ പത്താം മിനിറ്റിലാണ് കാസെമിറോ ഗോൾവല കുലുക്കിയത്.