റിയോ ഡി ജനീറോ: പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തച്ചുതകർത്ത് ബ്രസീൽ. അഞ്ച് മാറ്റങ്ങളുമായി ടീമിൽ കാര്യമായി അഴിച്ചുപണിത് ഇറങ്ങിയ ബ്രസീൽ പെറുവിനെ പറ പറത്തി തങ്ങളുടെ രണ്ടാം ജയത്തിലേക്ക് എത്തി. ആദ്യ കളിയിൽ 3-0നായിരുന്നു വെനസ്വേലയെ ബ്രസീൽ ദയയില്ലാതെ പ്രഹരിച്ച് വിട്ടത്.
12ാം മിനിറ്റിൽ അലെക്സ് സാൻഡ്രോയിലൂടെയായിരുന്നു ബ്രസീൽ ഗോൾ വല കുലുക്കി തുടങ്ങിയത്. ഗബ്രിയേൽ ജെസ്യൂസിന്റെ പാസിൽ നിന്നും ബ്രസീലിനായുള്ള തന്റെ ആദ്യ ഗോളിലേക്ക് ഡിഫന്റർ അലെക്സ് സാൻഡ്രോ എത്തി. രണ്ടാം പകുതി മുതൽ ബ്രസീൽ കളം നിറഞ്ഞു. 60ാം മിനിറ്റിൽ നെയ്മറെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് കാനറികൾക്ക് സ്പോട്ട് കിക്ക് ലഭിക്കേണ്ടത് വാറിൽ തട്ടിയകന്നു.
എന്നാൽ 66ാം മിനിറ്റിൽ വല കുലുക്കി നെയ്മർ ബ്രസീലിന്റെ ലീഡ് ഉയർത്തി. ഇടംകാലുകൊണ്ട് നെയ്മർ ഉതിർത്ത ലോ ഷോട്ട് വലയ്ക്കുള്ളിൽ. 87ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഫിർമിനോയുടെ ഷോട്ട് പെറു ഗോൾകീപ്പർ തടഞ്ഞു. എന്നാൽ 88ാം മിനിറ്റിൽ വീണ്ടും ബ്രസീൽ ഗോൾ വല കുലുക്കി. എവർട്ടൻ റിബേരോയായിരുന്നു ഇത്തവണ സ്കോർഷീറ്റിലേക്ക് തന്റെ പേര് എഴുതി ചേർത്തത്.
മുൻപിൽ നിന്ന് നയിച്ച നെയ്മറുടെ അസിസ്റ്റിൽ നിന്നായിരുന്നു മൂന്നാമത്തെ ഗോൾ. എന്നാൽ ഇവിടംകൊണ്ടും നിർത്താൻ ബ്രസീൽ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടൈമിൽ പെറുവിന് മേൽ അവസാന ആണിയടിച്ച് ബ്രസീലിന്റെ നാലാം ഗോളെത്തി. റിച്ചാർലസണിന്റെ ഊഴമായിരുന്നു അത്. 17 ഷോട്ടുകളാണ് കളിയിൽ ബ്രസീലിൽ നിന്ന് ആകെ വന്നത്. അതിൽ ഓൺ ടാർഗറ്റിലേക്ക് എത്തിയത് 9. ഫിനിഷിങ്ങിലെ പിഴവുകളാണ് പ്രധാനമായും പെറുവിന്റെ സാധ്യതകൾ തട്ടിയകറ്റിയത്.