കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ; റാങ്ക് പട്ടികയിൽ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അന്തിമ തീരുമാനത്തിനായി ഫയല്‍ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷയിലെ സ്കോര്‍ മാത്രമാകും ഈ വര്‍ഷം പരിഗണിക്കുക. 12-ാം ക്ലാസ് മാര്‍ക്ക് കൂടി പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം തുല്യ അനുപാതത്തില്‍ കണക്കാക്കിയാണു മുന്‍വര്‍ഷങ്ങളില്‍ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്.

ഇത്തവണ സിബിഎസ്‌ഇയും ഐഎസ്‌സിയും ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ 12-ാം ക്ലാസ് പരീക്ഷ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശന പരീക്ഷാ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ജൂലൈ 24നാണു പ്രവേശനപരീക്ഷ.