ഇന്ത്യയുടെ ലങ്കൻ പര്യടനം; രാഹുൽ ദ്രാവിഡ് പരിശീലകനാകും

ന്യൂഡെൽഹി: ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യയുടെ അണ്ടർ-19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്. ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2014-ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ദ്രാവിഡ് ബാറ്റിങ് കൺസൾറ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ എ ടീം, അണ്ടർ-19 ടീം പരിശീലകനുമായിരുന്നു ദ്രാവിഡ്.ലങ്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ യുവനിര മുംബൈയിൽ 14 ദിവസത്തെ ക്വാറന്റെയ്നിലാണ്. അതിനുശേഷം ലങ്കയിലേക്ക് വിമാനം കയറും.

ജൂലൈയിലാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി-20 പരമ്പര ആരംഭിക്കുക. നിരവധി പുതുമുഖ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്. ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിൽ ആയതിനാലാണ് യുവനിര ലങ്കയെ നേരിടുന്നത്.