യൂറോ കപ്പിൽ ഓസ്ട്രിയക്ക് ചരിത്രത്തിലെ ആദ്യ വിജയം

റോമാനിയ: യൂറോ കപ്പിൽ ഓസ്ട്രിയക്ക് ചരിത്രത്തിലെ ആദ്യ വിജയം. നോർത്ത് മാസിഡോണിയയെ നേരിട്ട ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ഗ്രൂപ്പ് സിയിൽ പോരട്ടം നോർത്ത് മാസിഡോണിയയുടെ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് മത്സരമായിരുന്നു. ഓസ്ട്രിയക്ക് വലിയ പോരാട്ടം തന്നെ നൽകിയ ശേഷം മാത്രമാണ് മാസിഡോണിയ കീഴടങ്ങിയത്.

രണ്ട് സബ്സ്റ്റിട്യൂട്ടുകൾ നേടിയ ഗോളുകളാണ് ഓസ്ട്രിയൻ വിജയം ഉറപ്പിച്ചത്. കളി ആരംഭിച്ച് 18ആം മിനുട്ടിൽ ഓസ്ട്രിയ ലീഡ് എടുത്തു. ഇടതു വിങ്ങിൽ നിന്ന് സബിറ്റ്സർ നൽകിയ ഡയോഗ്ണൽ പാസ് മനോഹരമായ ഫ്ലിക്കിലൂടെ ലൈനർ വലയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകി മാസിഡോണിയ ഓസ്ട്രിയയെ ഞെട്ടിച്ചു. ഓസ്ട്രിയ ഗോൾ കീപ്പറിന്റെ പിഴവ് മുതലെടുത്ത് വെറ്ററൻ താരം പാണ്ടെവ് ആണ് മാസിഡോണിയക്ക് സമനില നൽകിയത്.

രണ്ടാം പകുതി ആകേണ്ടി വന്നു ഓസ്ട്രിയക്ക് ലീഡ് തിരികെ നേടാൻ. 78ആം മിനുറ്റിൽ അലാബയുടെ ക്രോസിൽ നിന്ന് ഗ്രിഗോറിച് ആയിരുന്നു ഓസ്ട്രിയയെ മുന്നിൽ എത്തിച്ചത്. അവസാന നിമിഷങ്ങളിൽ അർണോടവിച് കൂടെ ഗോൾ നേടിയതോടെ ഓസ്ട്രിയ വിജയം ഉറപ്പിച്ചു. അർണോടവിചും ഗ്രിഗോറിചും രണ്ടാം പകുതിയിൽ ആയിരുന്നു കളത്തിൽ എത്തിയത്.