ന്യൂഡെല്‍ഹി: അതിരുവിട്ടുള്ള പരിഹാസ പോസ്റ്റുകള്‍ ഒന്നൊന്നായി തലവേദന തീര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക്. യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണ് പിന്നാലെ ടീമിലെത്തിയ ഡോം ബെസിന്റെ ഇന്‍സ്റ്റ ഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരിലാണ് യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണ്‍ പടിക്ക് പുറത്ത് ആയതെങ്കില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് എതിരായ ഇന്‍സ്റ്റ ഗ്രാം പോസ്റ്റാണ് ഡോം ബെസിന് വിനയായിരിക്കുന്നത്.
കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയുടെ ചിത്രം പങ്കിട്ടായിരുന്നു ഡോം ബെസിന്റെ പരിഹാസം. ‘നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം’ എന്നായിരുന്നു ബെസിന്റെ ചോദ്യം. ‘ധോണി’, ‘വിഡ്ഢി’ എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഈ ചിത്രം പങ്കിട്ടത്. ഇതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. റോബിന്‍സണെ പുറത്താക്കിയപോലെ ബെസിനെയും പുറത്താക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
ട്വീറ്റുകളുടെ പേരില്‍ വിമര്‍ശനം നേരിട്ട ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പന്റ് ചെയ്യുകയായിരുന്നു. റോബിന്‍സണ് പകരക്കാരനായി ടീമിലെത്തിയിരിക്കുന്ന ഡോം ബെസിന് എതിരേയും ഇതേ നടപടി സ്വീകരിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഇംഗ്ലണ്ട് ടീമില്‍ കളിക്കാനുള്ള അവസരം കിട്ടിയതോടെ ഡോം ബെസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ നിര്‍ത്താന്‍ തയ്യാറാല്ലായിരുന്നു ക്രിക്കറ്റ് ആരാധകര്‍. അവര്‍ താരത്തിന്റെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കുത്തിപ്പൊക്കി. അങ്ങിനെയാണ് ധോണിയ്ക്ക് എതിരായ പരാമര്‍ശം ഇപ്പോള്‍ വിവാദമായിരിക്കുന്നത്.