സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യനിർണയത്തിന് മാർക്ക് സമർപ്പിക്കാനുള്ള തീയതി ജൂൺ 28 വരെ നീട്ടി

ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി പ്രായോഗിക പരീക്ഷയുടെയും അസൈൻമെന്റുകളുടെയും മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും എല്ലാ സ്‌കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിർണയം പൂർത്തിയാക്കണമെന്നും സിബിഎസ്ഇ ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.

കൊറോണ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രായോഗിക പരീക്ഷയും മൂല്യനിർണയവുമെല്ലാം ഓൺലൈനായി നടത്താനാണ് സ്‌കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണൽ അസെസ്‌മെന്റ് സംബന്ധിച്ച സംശയങ്ങൾക്ക് സ്‌കൂളുകൾക്ക് സി ബി എസ് ഇ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. വാചാ പരീക്ഷക്ക് പങ്കെടുക്കുന്ന വിദ്യാർഥിയുടെയും അധ്യാപകരുടെയും ഫോട്ടോ സ്‌കൂൾ രേഖകളിൽ സൂക്ഷിക്കണം.

വിദ്യാർഥി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകർക്ക് പുറമേ ബോർഡ് നിയോഗിക്കുന്ന എക്സ്റ്റേണൽ എക്‌സാമിനറും പ്രായോഗിക പരീക്ഷ/ മൂല്യനിർണയത്തിന് ഉണ്ടാകും. മൂല്യനിർണയം പൂർത്തിയാക്കിയാൽ ഉടൻ മാർക്കുകൾ അപ്ലോഡ് ചെയ്യണം. ഒരിക്കൽ അപ്ലോഡ് ചെയ്ത മാർക്കുകളിൽ തിരുത്തലുകൾ വരുത്താനാകില്ല.