റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി

പാരിസ്: റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. ജർമനിയുടെ ഡൊമിനിക് കോഫറിനെതിരായ മത്സരത്തിന് ശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫെഡറർ സൂചിപ്പിച്ചിരുന്നു. മെഡിക്കൽ സംഘത്തോട് ആലോചിച്ച ശേഷമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് ഫെഡറർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് ഏതാണ്ട് ഒരു വർഷത്തോളം പരിചരണത്തിലായിരുന്നു. അതുകൊണ്ടുതന്നെ ശരീരം പറയുന്നത് ശ്രദ്ധിക്കണം. ഫ്രഞ്ച് ഓപ്പണിൽ മൂന്ന് മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞത് വലിയനേട്ടമാണ്. കോർട്ടിലേക്ക് തിരിച്ചെത്തുകയെന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ലെന്ന് ഫെഡറർ ട്വീറ്റ് ചെയ്തു.രണ്ട് മാസം കൂടി കഴിഞ്ഞാൽ 40 വയസ് പൂർത്തിയാവും ഫെഡറർക്ക്. വിംബിൾഡണിൽ പൂർണ കായികക്ഷമതയോടെ കളിക്കുകയാണ് ഫെഡററുടെ ലക്ഷ്യം. ഫ്രഞ്ച് ഓപ്പണിൽ കിരീടപ്പോരിന് താൻ യോഗ്യനല്ലെന്ന് ഫെഡറർ പറഞ്ഞിരുന്നു.

ഇന്നലെ മൂന്നാം റൗണ്ടിൽ ജർമനിയുടെ ഡൊമിനിക് കോഫറിനെതിരെ 7-6, 6-7, 7-6, 7-5നാണ് ഫെഡറർ ജയിച്ചത്. കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ടൂർണമെന്റിൽ തുടരാവില്ലെന്ന് ഫെഡറർ ഇന്നലെ പറഞ്ഞിരുന്നു. മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. കഴിഞ്ഞ 18 മാസത്തിന് ഇടയിലെ ഫെഡറർ കളിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ മത്സരം കൂടിയായിരുന്നിത്. 2020 ജനുവരി 30ന് ശേഷം ഫെഡറർ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ കളിച്ചിരുന്നില്ല.