തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി

ചെന്നൈ: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്നു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

അതേസമയം കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടി. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം ഉയർന്ന കോയമ്പത്തൂർ, ചെന്നൈ ഉൾപ്പടെ പതിനൊന്ന് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഹോട്ടലുകളിൽ നിന്ന് പാർസൽ മാത്രമേ അനുവദിക്കൂ. ജില്ലാ അതിർത്തികൾ കടക്കാൻ ഇ പാസ് നിർബന്ധമാണ്.