സിബിഎസ്ഇ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ഇനി പേര്​ തിരുത്താം

ന്യൂഡെൽഹി: സിബിഎസ്ഇ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ഇനി പേര്​ തിരുത്താം. സിബിഎസ്ഇ ബോർഡ് ഭരണഘടനക്ക്​ മുകളിലല്ലെന്നും പേര്, മാതാപിതാക്കളുടെ പേര്​, ജനനതീയതി എന്നിവയിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാ‌ർഥികൾക്ക് ബോർഡിനെ സമീപിക്കാമെന്നും കോടതി വ്യക്​തമാക്കി. സിബിഎസ്ഇ 10, 12ാം ക്ലാസ് പരീക്ഷ സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളിൽ പേരുകൾ രേഖപ്പെടുത്തിയതിൽ വന്ന പിഴവ് തിരുത്തി നൽകണമെന്ന് സിബിഎസ്ഇക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കളും വിദ്യാർഥികളും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

പേര് വ്യക്തിത്വത്തിന്റെ ഘടകമാണെന്നും അതിൽ പിഴവുകൾ വന്നാൽ തിരുത്താൻ തയാറാകാത്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും വ്യക്​തമാക്കി ജസ്​റ്റിസ്​ എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്​ സിബിഎസ്ഇ യോട്​ നിലവിലെ നിയമത്തിൽ ​​ ഭേദഗതി ചെയ്യാൻ നിർദേശിച്ചു.

പേര് തിരുത്താൻ പാസ്പോർട്ട്, ആധാർ തുടങ്ങിയ രേഖകൾ തിരിച്ചറിയലിനായി സമർപ്പിക്കാം. തിരിച്ചറിയൽ രേഖകളിലെ പേരുകൾ ഒന്നായിരിക്കണം. സ്കൂളിലെ രേഖകളിലെ പേരുകളും തിരിച്ചറിയലിനായി ഹാജരാക്കാം. പിഴവുള്ള സർട്ടിഫിക്കറ്റുകൾ തിരികെ നൽകി പുതിയത് വാങ്ങാം. പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നിശ്ചിത തുക ഈടാക്കാമെന്നും കോടതി നിർദേശിച്ചു.